ബിരിയാണി പാത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കും -കെ. സുരേന്ദ്രന്‍
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂര്‍ണമായിട്ടില്ല. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കും - കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയില്‍ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചാണ് എന്നുമുളള വാര്‍ത്ത ഗൗരവമുള്ളതാണ്. ഇതിന്റെ സത്യം പുറത്തു വരണം. ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി സര്‍ക്കാര്‍ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കര്‍ സ്ഥലം, സര്‍ക്കാര്‍ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ കൈയില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് അവര്‍ക്ക് പണം കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുള്ളതാണ്. ഇടനിലക്കാരനായ ഷാജ് കിരണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. സാഹചര്യ തെളിവുകള്‍ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വപ്‌ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കാണിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്.
സ്വപ്‌ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ അജിത് കുമാറിനെ മാറ്റിയതോടെ ഓഡിയോ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സ് പരിശോധിച്ച് ഓഡിയോ ഉള്ളതാണെന്ന് കണ്ടെത്തി. ഓഡിയോ ക്ലിപ്പിലെ ഒരു ഭാഗം സര്‍ക്കാര്‍ സ്ഥിരീകരിച്ചെങ്കില്‍ ബാക്കി ഭാഗത്തില്‍ അന്വേഷണം വേണ്ടേ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.
ഷാജ് കിരണിനെയും ഇബ്രാഹിമിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. സ്വപ്‌നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ്‌നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വര്‍ണം എവിടെ പോയി എന്ന് കണ്ടെത്തണം. സരിത്തിനെ ധൃതി പിടിച്ച് കസ്റ്റഡിയിലെടുത്തതും ഒരു മണിക്കൂറിനുള്ളില്‍ വിട്ടയക്കും എന്നതും ഷാജ് കിരണ്‍ എങ്ങനെ അറിഞ്ഞു. സര്‍ക്കാര്‍ അറിയാതെ വിജിലന്‍സിന്റെ മേധാവി എം.ആര്‍. അജിത്കുമാറിന് ഇടനില നില്‍ക്കാനാകില്ല. നികേഷ് ബ്ലാക്ക് മെയിലിംഗ്കാരനാണെന്നും ഇപ്പോള്‍ അഭിനയിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.