ഒാഖി: കേന്ദ്ര-സംസ്ഥാന ഏജൻസികൾ പരാജയപ്പെട്ടെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കമീഷൻ ഉത്തരവിൽ വിമർശിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം, മത്സ്യ ബന്ധനവകുപ്പ്, കേന്ദ്ര-സംസ്ഥാന ഏജൻസികൾ തുടങ്ങിയവരുടെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴുണ്ടായ ഗുരുതര നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹൻദാസ് പറഞ്ഞു.
കലക്ടർ, പൊലീസ് മേധാവി, കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ, മത്സ്യബന്ധനവകുപ്പ് ഡയറക്ടർ എന്നിവർ മുന്നറിയിപ്പ് വൈകിയതിനെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിലെ അപര്യാപ്തതകളെക്കുറിച്ചും ഒരു മാസത്തിനകം വിശദീകരണം നൽകണം. കടൽക്ഷോഭം ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നടത്താൻ സർക്കാറിെൻറ കൈയിൽ യാതൊരു സംവിധാനവും ഇല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം പരാതിയിൽ പറഞ്ഞു. തീരദേശ പൊലീസിെൻറ മൂന്ന് രക്ഷാബോട്ടുകളിൽ രണ്ടെണ്ണം കട്ടപ്പുറത്താണ്.
65 ലക്ഷം മുടക്കി ഫിഷറീസ് വകുപ്പ് വാങ്ങിയ ബോട്ട് ഉപയോഗശൂന്യമായി. ശീതീകരണിയുള്ള ബോട്ട് വാങ്ങി മാസങ്ങൾക്കുള്ളിൽ കേടായി. ദുരന്തമുണ്ടായി ഒരു ദിവസം കഴിഞ്ഞാണ് ബോട്ട് വാടകക്കെടുത്ത് തിരച്ചിൽ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. ദുരന്തനിവാരണ അതോറിറ്റിക്ക് 121 കോടിയും കടലിൽ പോകുന്നവരുടെ ക്ഷേമത്തിനായി 475 കോടിയും അനുവദിച്ചിട്ടുണ്ട്.
1000 നോട്ടിക്കൽ മൈൽ സഞ്ചരിക്കുന്ന 10 ബോട്ടുകളെങ്കിലും അനുവദിക്കണമെന്ന് ഫിഷറീസും മറൈൻ എൻഫോഴ്സ്മെൻറും ആവശ്യപ്പെടുന്നുണ്ട്. ദുരന്തനിവാരണത്തിനും മത്സ്യമേഖലയുടെ ക്ഷേമത്തിനുമായി സർക്കാർ അനുവദിച്ച 600 കോടി എന്തിന് വിനിയോഗിച്ചെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.