കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുന്നു -രമേശ് ചെന്നിത്തല
text_fieldsമാവേലിക്കര: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനദ്രോഹത്തിന്റെ കാര്യത്തിൽ മത്സരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കെ.പി.സി.സി സംഘടിപ്പിച്ച സമരാഗ്നിയാത്രയുടെ മാവേലിക്കര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്ത് മതേതരത്വവും മതസൗഹാർദവും നിലനിൽക്കാൻ ബി.ജെ.പിയുടെ ഭരണത്തെ തൂത്തെറിയാൻ ജനാധിപത്യവിശ്വാസികൾ ഒന്നിക്കേണ്ട സാഹചര്യമാണുള്ളത്. സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കോടികൾ ധൂർത്തടിച്ചു നടത്തിയ നവകേരളസദസ്സ് പരാജയപ്പെട്ടപ്പോൾ മുഖാമുഖം പരിപാടിയുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, ജെബി മേത്തർ എം.പി, നേതാക്കളായ എം. ലിജു, ജോൺസൺ എബ്രഹാം, ബി.ആർ.എം. ഷഫീർ, എം. മുരളി, കെ.പി. ശ്രീകുമാർ, കോശി എം. കോശി, എ.എ. ഷുക്കൂർ, കെ.ആർ. മുരളീധരൻ, എബി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തകരെ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.