ഭെൽ ഇ.എം.എൽ ഓഹരി കൈമാറ്റത്തിന് കേന്ദ്രാനുമതി; പന്ത് ഇനി സംസ്ഥാനത്തിെൻറ കോർട്ടിൽ
text_fieldsകാസർകോട്: കേന്ദ്ര-സംസ്ഥാനങ്ങളുടെ കെടുകാര്യസ്ഥത കാരണം അടച്ചുപൂട്ടിയ കാസർകോട് ഭെൽ ഇ.എം.എല്ലിെൻറ ഒാഹരി കൈമാറ്റത്തിന് ഒടുവിൽ കേന്ദ്രാനുമതി. ഭെല്ലിെൻറ കൈവശമുള്ള 51 ശതമാനം ഒാഹരി കൈമാറാനാണ് കേന്ദ്രസർക്കാറിെൻറ അനുമതി ലഭിച്ചത്. കേന്ദ്ര ഘനവകുപ്പ് മന്ത്രാലയം അനുമതി നൽകിയകാര്യം ഭെൽ അധികൃതർ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനെ കഴിഞ്ഞദിവസം അറിയിച്ചു.
ഇതോടെ, കമ്പനി തുറക്കുന്നതിനുള്ള ബാധ്യത പൂർണമായും സംസ്ഥാന സർക്കാറിെൻറ കോർട്ടിലായി. ഭെൽ ഏറ്റെടുത്ത ഒാഹരി നേരേത്ത കൈമാറാൻ തീരുമാനിച്ചെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായിരുന്നില്ല. ഓഹരികൈമാറ്റ കരാർ സംസ്ഥാനസർക്കാർ അംഗീകരിച്ച് 2019 സെപ്റ്റംബർ ഒമ്പതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, കേന്ദ്ര ഘനവ്യവസായ വകുപ്പിെൻറ അന്തിമാനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം വൈകുകയായിരുന്നു. കൈമാറ്റനടപടികൾ അനന്തമായി നീണ്ടതിനാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും കമ്പനി ഒരുവർഷത്തിലധികമായി അടച്ചിടുകയുമായിരുന്നു.
കൈമാറ്റനടപടികൾ പൂർത്തീകരിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കാത്തതിനാൽ കേന്ദ്രസർക്കാറിനെതിരെ നൽകിയ കോടതി അലക്ഷ്യ ഹരജിയിൽ വിധി നടപ്പാക്കിയില്ലെങ്കിൽ ജൂൺ ഒന്നിന് കേന്ദ്ര ഘനവ്യവസായ സെക്രട്ടറി ഹൈകോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന ഉത്തരവ് നിലനിൽക്കെയാണ് കേന്ദ്രസർക്കാറിെൻറ അനുമതി ലഭിക്കുന്നത്. കമ്പനി തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംയുക്ത സമരസമിതി കഴിഞ്ഞ ജനുവരി 12 മുതൽ കാസർകോട് ഒപ്പുമരച്ചുവട്ടിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരുകയാണ്.
കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിൽ അനന്തര നടപടികൾ സംസ്ഥാന സർക്കാർ അടിയന്തരമായി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംയുക്ത സമരസമിതി ചെയർമാൻ ടി.കെ. രാജനും ജനറൽ കൺവീനർ കെ.പി. മുഹമ്മദ് അഷ്റഫും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.