കേരളത്തിന് 18,253 കോടി കടമെടുക്കാൻ കേന്ദ്രാനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രാനുമതി. കഴിഞ്ഞ ഏപ്രിലിൽ 3000 കോടി വായ്പയെടുക്കാൻ കേന്ദ്രം മുൻകൂർ അനുമതി നൽകിയിരുന്നു. ഇതടക്കം 21,253 കോടിയുടെ രൂപയുടെ കടമെടുപ്പിനാണ് ഇതുവരെ അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാറിന്‍റെ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ് കടമെടുപ്പ്. റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങൾ വിറ്റാണ് കടമെടുക്കുന്നത്. കടമെടുപ്പ് പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കിയത്.
ഏപ്രിൽ മുതൽ ഡിസംബർ വരെയും ജനുവരി മുതൽ മാർച്ച് വരെയും രണ്ട് ഘട്ടമായാണ് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ കേന്ദ്രം പ്രത്യേകാനുമതി നൽകുന്നത്. ഈ അനുമതി ലഭിച്ചാലേ റിസര്‍വ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകൂ. അതേസമയം ഇപ്പോൾ അനുവദിച്ച തുക ഏത് കാലയളവ് വരെയുള്ളത് എന്നതിൽ അവ്യക്തയുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാനം കത്തെഴുതുമെന്നാണ് വിവരം.
കേന്ദ്ര ധനകാര്യ കമീഷൻ തീർപ്പനുസരിച്ച് കേരളത്തിന് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. കഴിഞ്ഞ സാമ്പത്തികവർഷം 36000 കോടി വായ്പ എടുക്കാമായിരുന്നെങ്കിലും 28,830 കോടിക്കേ അനുമതി ലഭിച്ചിരുന്നുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തേതുപോലെ പെൻഷൻ കമ്പനിയും കിഫ്ബിയുമെടുത്ത വായ്പകൾ പൊതുകടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി ഇക്കുറിയും വെട്ടിക്കുറക്കലുണ്ടാകുമോ എന്ന ആശങ്കയുണ്ട്. കേന്ദ്രത്തിന്റെ വായ്പ വെട്ടിക്കുറക്കലിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസ് ഇപ്പോൾ ഭരണഘടന ബെഞ്ചിന്‍റെ പരിധിയിലാണ്.
അതേസമയം ഈ മാസത്തെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ ആനുകൂല്യങ്ങൾക്ക് ധനവകുപ്പ് 9000 കോടി രൂപ കണ്ടെത്തേണ്ടിയിരുന്നു. കടമെടുപ്പിന് വഴിതുറന്ന സാഹചര്യത്തിൽ വിരമിക്കൽ പ്രതിസന്ധി മറികടക്കാനാകും. 16000ത്തോളം ജീവനക്കാരാണ് ഈ മാസം സര്‍ക്കാര്‍ സര്‍വിസിൽനിന്ന് പടിയിറങ്ങുന്നത്. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്. നടപ്പ് സാമ്പത്തികവർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.