മത്സ്യബന്ധന മേഖലയിലെ സമഗ്ര വികസനത്തിന് കേന്ദ്ര സഹായം തേടി നിവേദനം
text_fieldsകൊടുങ്ങല്ലൂർ: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ മത്സ്യബന്ധന മേഖലകളുടെ സമഗ്ര വികസനത്തിന് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാൻ എം. പി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാലക്ക് നിവേദനം നൽകി. മത്സ്യബന്ധന കേന്ദ്രങ്ങളായ കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ വിവിധ പഞ്ചായത്തുകളിലെ വികസനാവശ്യങ്ങൾ മന്ത്രിയെ ധരിപ്പിച്ചു.
കയ്പമംഗലം ഫിഷ് ലാൻഡിങ് സെന്റർ ഫിഷിങ് ഹാർബറാക്കി അപ്ഗ്രേഡ് ചെയ്യണം. എറിയാട്, എടവിലങ്ങ്, എസ്.എൻ.പുരം, മതിലകം ഗ്രാമപഞ്ചായത്തുകളിൽ കടൽഭിത്തി നിർമിക്കണം. പൊയ്യ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഭവന നിർമാണത്തിന് തീരദേശ പരിപാലന നിയമത്തിൽ ഇളവ് അനുവദിക്കണം. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാൻ ഉചിതമായ പദ്ധതികൾ ആവിഷ്കരിക്കണം. തീരദേശ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, കായിക മേഖലയിലെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ പദ്ധതികൾ നടപ്പാക്കണം. പെരിഞ്ഞനം പഞ്ചായത്തിലെ 105 മത്സ്യത്തൊഴിലാളികളുടെ സുനാമി കോളനിയിലുള്ള വീടുകൾ പുനർനിർമിക്കാൻ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ നിന്ന് തുകയനുവദിക്കണം.
തടിനിർമിത മത്സ്യബന്ധന വള്ളങ്ങൾ സ്റ്റീൽ വള്ളങ്ങളാക്കാൻ തുകയനുവദിക്കണം. സബ്സിഡി നിരക്കിൽ മണ്ണെണ്ണ സ്ഥിരമായി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ സമയോചിത ഇടപെടൽ ഉറപ്പാക്കണം.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ നിന്ന് മത്സ്യം വളർത്തൽ, സംയോജിത നെൽകൃഷി - മത്സ്യം വളർത്തൽ പദ്ധതികൾക്ക് സബ്സിഡിയോടെ പണം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
മത്സ്യ ബന്ധന മേഖലയിലെ വികസനാവശ്യങ്ങൾ പരിശോധിച്ച് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.