കേന്ദ്രബജറ്റ് : 24,000 കോടിയുടെ പാക്കേജ് അടക്കം വലിയ പ്രതീക്ഷയിൽ കേരളം
text_fieldsതിരുവനന്തപുരം: കേന്ദ്രബജറ്റിൽ 24,000 കോടിയുടെ സാമ്പത്തിക പാക്കേജ് വലിയ പ്രതീക്ഷയുമായി സംസ്ഥാന സർക്കാർ. ബജറ്റിന് മുമ്പുള്ള ചർച്ചയിൽ രേഖാമൂലം നൽകി ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് കേരളം. 23നാണ് മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ്. വിഴിഞ്ഞം തുറമുഖത്തിന്റെയും തുറമുഖ മേഖലയുടെയും വികസനത്തിന് കേന്ദ്ര ബജറ്റിൽ 5000 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാത വികസിപ്പിക്കുന്നതിനായി ഭൂമി എടുത്ത ഇനത്തിൽ ചെലവായ തുകയുടെ നാലിൽ ഒന്ന് കേരളം കൊടുക്കേണ്ടി വന്നിരുന്നു. 6000 കോടിയാണ് ഇങ്ങനെ നൽകിയത്. മറ്റു സംസ്ഥാനങ്ങൾക്കൊന്നും ഇങ്ങനെ ചെലവ് വന്നിട്ടില്ല. എൻ.എച്ച്.എം, അംഗൻവാടി, ആശ, സാമൂഹികക്ഷേമ പെൻഷൻ ഇനങ്ങളിൽ സംസ്ഥാനം ഇതിനോടകം ചെലവഴിച്ച 3000 കോടി കേന്ദ്രം നൽകാനുണ്ട്. 10ാം ധനകാര്യ കമീഷൻ ശിപാർശ ചെയ്ത 3.875 ശതമാനം കേന്ദ്ര നികുതി വിഹിതം 15ാം ധനകാര്യ കമീഷൻ 1.92 ശതമാനമായി വെട്ടിച്ചുരുക്കിയതിലൂടെ വരുമാനത്തിൽ വലിയ കുറവുണ്ടായി.
പ്രതീക്ഷയുണ്ട് -ധനമന്ത്രി
കഴിഞ്ഞ ബജറ്റുകളെക്കാൾ വ്യത്യസ്തമായിരിക്കും ഈ ബജറ്റ് എന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പലമേഖലകളിലും വലിയ തിരിച്ചടി നേരിട്ട ശേഷമുള്ള സഖ്യസർക്കാറാണ് ഇപ്പോൾ അധികാരത്തിലുള്ളത്. സ്വഭാവികമായും കുറച്ചു കൂടി യാഥാർഥ്യബോധത്തോടെയുള്ള ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും പേരിൽ ഈ വർഷവും 4500 കോടിയോളം രൂപ വെട്ടിക്കുറച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുറച്ച പണമാണ് ഇപ്പോൾ പാക്കേജായി കേരളം ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
പരിഗണിക്കുമോ, ഈ ആവശ്യങ്ങൾ
കടമെടുപ്പ് പരിധി ജി.എസ്.ഡി.പിയുടെ മൂന്നരശതമാനമായി ഉയർത്തണം
ഉപാധിരഹിത കടമെടുപ്പ് അനുവദിക്കണം.
കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങളിലെടുത്ത വായ്പ ഈ വർഷത്തെയും അടുത്തവർഷത്തെയും കടപരിധിയിൽ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം.
ജി.എസ്.ടിയിലെ കേന്ദ്ര-സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 60:40 എന്നത് 50:50 ആയി പുനർനിർണയിക്കണം.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമാക്കണം.
കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിലും മാനദണ്ഡ രൂപവത്കരണത്തിലും സംസ്ഥാനങ്ങൾക്ക് അധികാരം ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷൻ വ്യാപാരികളുടെ കമീഷനും വർധിപ്പിക്കണം.
ആശ, അംഗൻവാടി ഉൾപ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം ഉയർത്തണം.
ക്ഷേമ പെൻഷൻ തുകകൾ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിർമാണ പദ്ധതികളിലെ കേന്ദ്ര സർക്കാർ വിഹിതം തുടങ്ങിയവ ഉയർത്തണം.
സ്ക്രാപ് പോളിസിയുടെ ഭാഗമായി പൊളിക്കേണ്ടിവരുന്ന വാഹനങ്ങൾക്ക് പകരം വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സഹായം അനുവദിക്കണം.
എയിംസ്, കണ്ണൂർ ഇന്റർനാഷനൽ ആയുർവേദ റിസർച് ഇൻസിറ്റിറ്റ്യൂട്ട് തുടങ്ങിയവ ഈ ബജറ്റിൽ പ്രഖ്യാപിക്കണം.
റബറിന്റെ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കണം.
തലശ്ശേരി- മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകളുടെ സർവേയും വിശദ പദ്ധതിരേഖ തയാറാക്കലും നടപടികൾ ആരംഭിക്കണം.
കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണത്തിന് ധനസഹായം പ്രഖ്യാപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.