ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര തീരുമാനം അംഗീകരിക്കില്ല -മുഖ്യമന്ത്രി
text_fieldsകണ്ണൂര്: ദേശീയഭാഷ എന്ന നിലയിൽ ഹിന്ദിയെ അംഗീകരിക്കുന്നുവെന്നും പ്രാദേശിക ഭാഷയെ ഇല്ലാതാക്കി ഹിന്ദി അടിച്ചേൽപിക്കാനുള്ള കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ 'കേന്ദ്ര- സംസ്ഥാന ബന്ധം' വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ എല്ലാവരും നിർബന്ധമായും ഹിന്ദി ഭാഷ പറയണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദേശം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്നതാണ്. പ്രാദേശിക ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.മലയാളിക്ക് മലയാളവും തമിഴ്നാട്ടുകാർക്ക് തമിഴും ജീവന്റെ സ്പന്ദനമാണ്.
ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശമുണ്ടാവണം. വൈവിധ്യങ്ങളെയും ഫെഡറൽ സംവിധാനങ്ങളെയും അംഗീകരിക്കാത്ത സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് പ്രാദേശിക ഭാഷകളെ ദുർബലപ്പെടുത്താനുള്ള നീക്കം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഗണ്യമായി വെട്ടിക്കുറക്കുകയാണ്. സുപ്രീംകോടതിയിൽ പോകുമെന്ന നില വന്നപ്പോഴാണ് ജി.എസ്.ടി കുടിശ്ശിക അനുവദിച്ചത്. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കരാറുകളിൽപോലും നമ്മുടെ അഭിപ്രായം സ്വീകരിക്കാത്ത സ്ഥിതിയാണ്' - മുഖ്യമന്ത്രി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.