പൊതുമേഖല ഫാർമ കമ്പനികൾ പൂട്ടാൻ കേന്ദ്ര തീരുമാനം; മരുന്ന് ഉൽപാദനവും കുത്തകകൾക്ക്
text_fieldsപാലക്കാട്: രണ്ടു പ്രമുഖ പൊതുമേഖല മരുന്നുകമ്പനികൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (ഐ.ഡി.പി.എൽ), രാജസ്ഥാൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (ആർ.ഡി.പി.എൽ) എന്നിവയാണ് പൂട്ടുന്നത്. കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ (ഡി.ഒ.പി) പ്രമുഖ സ്ഥാപനങ്ങളാണിവ.
ആകെ അഞ്ചു പൊതുമേഖല സ്ഥാപനങ്ങളാണ് ഡി.ഒ.പിക്ക് കീഴിലുള്ളത്. മൂന്നെണ്ണത്തിെൻറ ഒാഹരി വിൽക്കാനും കേന്ദ്രം തീരുമാനിച്ചു. ഹിന്ദുസ്ഥാൻ ആൻറിബയോട്ടിക് (എച്ച്.എ.എൽ), ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (ബി.സി.പി.എൽ), കർണാടക ആൻറിബയോട്ടിക് ആൻഡ് ഫാർമസ്യൂട്ടിക്കൽ (കെ.എ.പി.എൽ) എന്നിവയുടെ ഒാഹരിയാണ് വിൽക്കുന്നത്.
ഐ.ഡി.പി.എൽ, ആർ.ഡി.പി.എൽ ജീവനക്കാരെ വി.ആർ.എസ് നൽകി പിരിച്ചുവിടും. 2019ൽ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതിയാണ് കമ്പനികളുടെ അടച്ചുപൂട്ടൽ, ഒാഹരി- സ്വത്ത് വിൽപന, ബാധ്യത ക്ലിയറൻസ് എന്നിവയിൽ തീരുമാനമെടുത്തത്. പൊതുമേഖല കമ്പനികളുടെ പിന്മാറ്റം ആഭ്യന്തര മരുന്നുവിപണിയിൽ കുത്തകകൾ പിടിമുറുക്കുന്നതിലേക്ക് നയിക്കും. പൊതുമേഖല സ്ഥാപനങ്ങളിലൂടെ ഉൽപാദിപ്പിച്ചിരുന്ന ജീവൻരക്ഷാ മരുന്നുകളാണ് ആഭ്യന്തരവിപണിയിൽ മരുന്നു വില പിടിച്ചുനിർത്തിയിരുന്നത്.
മരുന്നുവില നിയന്ത്രണം മറികടക്കാൻ സ്വകാര്യ കമ്പനികൾ പല അടവുകളും പയറ്റുന്നതിനിടെയാണ് പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കി, കുത്തകകളെ സഹായിക്കാനുള്ള കേന്ദ്രതീരുമാനം. കോടികൾ വിറ്റുവരവുള്ള ഇന്ത്യൻ ഒൗഷധവിപണിയിൽ നോട്ടമിട്ട് വിദേശ കമ്പനികൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എച്ച്.എ.എൽ അടക്കം പ്രമുഖ പൊതുമേഖല മരുന്ന് ഉൽപാദക യൂനിറ്റുകൾ വൈകാതെ കുത്തകകളുടെ കൈകളിലെത്തും.
മരുന്നുകളുടെ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ 2020ൽ കേന്ദ്രസർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. മരുന്നു ചേരുവകൾക്ക് ചൈനയേയും മറ്റും ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചായിരുന്നു പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ് (പി.എൽ.ഐ) എന്ന പദ്ധതി. പി.എൽ.െഎ നടപ്പാക്കുന്ന പ്രമുഖ സ്ഥാപനങ്ങൾ കുത്തകകൾക്ക് തീറെഴുതുന്നത് പദ്ധതിയുടെ ലക്ഷ്യംതന്നെ അട്ടിമറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.