പാർട്ടികളെ പൂട്ടാൻ തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: വ്യവസ്ഥകൾ പാലിക്കാത്ത രാജ്യത്തെ രജിസ്റ്റേർഡ് അനംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കെതിരെ കടുത്ത നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. നിലവിലുള്ള ഇത്തരം 2796 പാർട്ടികളിൽ ഭൂരിഭാഗവും മാനദണ്ഡം പാലിക്കുന്നില്ലെന്ന് കമീഷൻ കണ്ടെത്തി. പലതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. സംഭാവന റിപ്പോർട്ട്, വാർഷിക ഓഡിറ്റ് കണക്ക്, തെരഞ്ഞെടുപ്പ് ചെലവ് കണക്ക് എന്നിവ സമർപ്പിക്കാത്തവരുമുണ്ട്. ഇത്തരം പാർട്ടികൾക്കെതിരെ തുടർനടപടികൾക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമീഷൻ നിർദേശം നൽകി.
87 പാർട്ടികൾ അവർ നൽകിയ വിലാസത്തിലില്ലെന്ന് കണ്ടെത്തി. 2019 പൊതുതെരഞ്ഞെടുപ്പിൽ അന്നുണ്ടായിരുന്ന 2354 രജിസ്റ്റേർഡ് അനംഗീകൃത പാർട്ടികളിൽ 623 എണ്ണം മാത്രമാണ് മത്സരിച്ചത്. 2017ൽ 1847 പാർട്ടികളും 2018ൽ 1997 പാർട്ടികളും 2019ൽ 2174 പാർട്ടികളും സംഭാവന സ്വീകരിച്ചതിന്‍റെ റിപ്പോർട്ടുകൾ കമീഷന് നൽകിയില്ല. 2017ൽ 1755 പാർട്ടികളും 2018ൽ 1890 പാർട്ടികളും 2019ൽ 2056 പാർട്ടികളും വാർഷിക ഓഡിറ്റ് കണക്കും സമർപ്പിച്ചില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച 17 ഇത്തരം പാർട്ടികളിൽ ഒരെണ്ണം മാത്രമാണ് ചെലവ് കണക്ക് നൽകിയത്. അസമിൽ ആകെ മത്സരിച്ച ഏഴ് പാർട്ടികളും ബംഗാളിൽ 15ൽ 11 പാർട്ടികളും തമിഴ്നാട്ടിൽ 75ൽ 65 പാർട്ടികളും ചെലവ് കണക്കുകൾ നൽകിയിട്ടില്ല. പുതുച്ചേരിയിലാകട്ടെ, ഒരു പാർട്ടിയും ഇതിന് തയാറായില്ല. ചില പാർട്ടികൾ തെറ്റായ രേഖകളും വ്യാജ സംഭാവന രസീതുകളും തെറ്റായ ബില്ലുകളും താമസ ബില്ലുകളും നൽകിയതായും കണ്ടെത്തി. 2018-19ൽ 199 പാർട്ടികൾ 445 കോടിയുടെ ആദായ നികുതി ഇളവ് വാങ്ങി.
19-20ൽ 219 പാർട്ടികൾ 608 കോടിയുടെയും ഇളവുകൾ നേടി. ഇതിൽ 66 പാർട്ടികളുടെ 385 കോടിയുടെ സംഭാവന റിപ്പോർട്ട് കമീഷന് ലഭിച്ചില്ല. ചില പാർട്ടികൾ 100 മുതൽ 150 കോടി വരെ ആദായ നികുകതി ഇളവ് നേടിയെന്നും കമീഷൻ കണ്ടെത്തി.
വിലാസം ലഭ്യമല്ലാത്ത 87 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കും. ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയ മൂന്ന് പാർട്ടികൾക്കെതിരെ നടപടി വരും. 100 പാർട്ടികൾ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ നൽകിയിട്ടില്ല. ഇവരുടെ വിവരം വെബ്സൈറ്റുകളിൽ നൽകും. 30 ദിവസത്തിനകം ക്രമപ്പെടുത്താത്തവരെ ഏകീകൃത ചിഹ്നം നൽകുന്നതിൽനിന്ന് ഒഴിവാക്കും. പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം അറിയിക്കാൻ അവസരം നൽകും. രാജ്യത്ത് 2001ൽ 694 അനംഗീകൃത രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടികളുണ്ടായിരുന്നത് 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം 300 ശതമാനം വർധിച്ച് 2796 ആയി.
നടപടികൾ പൂർത്തിയാക്കാതെ സംസ്ഥാനത്ത് 45 പാർട്ടികൾ
തിരുവനന്തപുരം: അനംഗീകൃത രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടികളിൽ സംസ്ഥാനത്ത് 45 എണ്ണം തെരഞ്ഞെടുപ്പ് കമീഷൻ വ്യവസ്ഥകൾ പൂർണമായി പാലിച്ചില്ലെന്ന് കണ്ടെത്തി.
മിക്കവയും സംഭാവന കണക്കും ഓഡിറ്റ് റിപ്പോർട്ടും നൽകിയിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 17 രജിസ്റ്റേർഡ് അനംഗീകൃത രാഷ്ട്രീയ പാർട്ടികളിൽ ഒന്നൊഴികെ 16 പാർട്ടികളും കണക്ക് നൽകാൻ തയാറായില്ല.
കേരള കോൺഗ്രസ് ബിയാണ് കണക്ക് നൽകിയത്. എന്നാൽ, സംഭാവന കണക്ക് അവരും നൽകിയില്ല.
ഭാരതീയ ധർമ ജനസേന, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, പ്രവാസി നിവാസി പാർട്ടി, സെക്യൂലർ ഡെമോക്രാറ്റിക് പാർട്ടി എന്നിവ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കണക്ക് നൽകിയില്ല. കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, കേരള കോൺഗ്രസ് സെക്യൂലർ, കേരള ജനപക്ഷം, നാഷനൽ സെക്യൂലർ കോൺഫറൻസ്, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ആർ.എസ്.പി-ബി, ട്വന്റി ട്വന്റി പാർട്ടി, ഭാരതീയ ധർമ ജനസേന, അണ്ണ ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി ഓഫ് ഇന്ത്യ, കോൺഗ്രസ് സെക്യുലർ, ഡെമോക്രാറ്റിക് ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി, ജനാധിപത്യ കേരള കോൺഗ്രസ്, കേരള ജനപക്ഷം സെക്യുലർ, കേരള ജനത പാർട്ടി, ന്യൂ ലേബർ പാർട്ടി, സെക്യൂലർ ഡെമോക്രാറ്റിക് കോൺഗ്രസ് എന്നിവ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കണക്ക് ഇതുവരെ സമർപ്പിക്കാത്ത പാർട്ടികളുടെ പട്ടികയിലുണ്ട്. ട്വന്റി ട്വന്റി 19-20ലെ സംഭാവന റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കാത്ത മറ്റ് പാർട്ടികൾ: അഖില കേരള തൃണമൂൽ പാർട്ടി, ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക്, ഭാരതീയ ജനസഭ, ഭാരതീയ ജനശബ്ദം, ഡെമോക്രാറ്റിക് ലേബർ പാർട്ടി, ഡെമോക്രാറ്റിക് ഓർഗനൈസേഷൻ ഓഫ് നേഷൻ പാർട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ഇന്ത്യൻ ജസ്റ്റിസ് ഡെമോക്രാറ്റിക് പാർട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള കോൺഗ്രസ് സെക്യൂലർ, കേരള കോൺഗ്രസ് സ്കറിയ തോമസ്, കേരള ജനപക്ഷം, കേരള കാമരാജ് കോൺഗ്രസ്, കേരള റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്-മാർക്സിസ്റ്റ്), കേരള വികാസ് പാർട്ടി, മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്), നാഷനൽ ഡെമോക്രാറ്റിക് പാർട്ടി, നാഷനൽ ഡെമോക്രാറ്റിക് പാർട്ടി(സെക്യൂലർ), നേതാജി ആദർശ് പാർട്ടി, പീപ്പിൾസ് പാർട്ടി ഫോർ ലിബർട്ടി, സെക്യൂലർ നാഷനൽ ദ്രാവിഡ പാർട്ടി, സെക്യൂലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യൽ ആക്ഷൻ പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, യുനൈറ്റഡ് ഇന്ത്യ പീപ്പിൾസ് പാർട്ടി. മിക്കവരും മൂന്ന് വർഷത്തെ വീതം സംഭാവന സ്റ്റേറ്റ്മെന്റും ഓഡിറ്റ് റിപ്പോർട്ടുകളുമാണ് നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.