ഭാരത് അരിക്ക് കേന്ദ്രം 10.41 രൂപ ലാഭം ഈടാക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാർ ഭാരത് അരി വിതരണം ചെയ്യുന്നത് ലാഭേച്ഛയോടെയും രാഷ്ട്രീയലാഭം ലക്ഷ്യമിട്ടുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 18.59 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 10.41 രൂപ ലാഭമെടുത്ത് 29 രൂപക്ക് ഭാരത് അരിയായി വിൽക്കുന്നത്. ഈ അരി കേരളത്തിൽ സപ്ലൈകോ 24 രൂപക്കും റേഷൻകടകളിൽ 10.90 രൂപക്കുമാണ് നൽകുന്നത്. കേരളമാകട്ടെ, 40 രൂപക്ക് വാങ്ങുന്ന അരി 11 രൂപവരെ സബ്സിഡിയോടെ 29 ഉം 30 ഉം രൂപക്കാണ് കെ റൈസ് എന്ന പേരിൽ വിതരണം ചെയ്യുന്നത്. രണ്ടു സർക്കാറുകളുടെ സമീപനത്തിലെ വ്യത്യാസമാണ് ഇതിൽ കാണാനാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിയുന്ന സന്ദർഭങ്ങളിലൊക്കെ ഭക്ഷണം മുടക്കാനാണ് കേന്ദ്ര ശ്രമം. പ്രളയദുരിതാശ്വാസത്തിന് നൽകിയ അരിയുടെ പണംപോലും പിടിച്ചുപറിച്ചു. എന്നിട്ടും അരിശം തീരാതെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി മുടക്കാൻ നടപടി സ്വീകരിച്ചു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ കേന്ദ്രത്തിൽനിന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. റേഷൻ വിതരണത്തിന് വർഷം 914 കോടിയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ കേന്ദ്രം നൽകുന്നത് 86 കോടി മാത്രമാണ്. എന്നിട്ടും പദ്ധതിയാകെ തങ്ങളുടേതാക്കി അവതരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ലൈഫ് മിഷൻ അടക്കമുള്ള പദ്ധതികളിലും ബ്രാൻഡിങ് വേണമെന്നാണ് നിർദേശം. ജനങ്ങളുടെ ആത്മാഭിമാനം ചോദ്യംചെയ്യുന്ന ഒരു നടപടിക്കും കേരളം കൂട്ടുനിൽക്കില്ല. ഭക്ഷണം, പാർപ്പിടം, ആരോഗ്യം എന്നിവ ജനങ്ങളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. ഇതെല്ലാം ഉറപ്പാക്കുകയാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഏതു സർക്കാറിന്റെയും കർത്തവ്യം.
കേരളത്തിന്റെ വികസന, ക്ഷേമ നടപടികളെ പിന്നോട്ടടിപ്പിക്കാനുള്ള ബോധപൂർവ നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.