കേന്ദ്രം കനിഞ്ഞില്ല: ഓണം സ്പെഷൽ അരി സെപ്റ്റംബർ വിഹിതത്തിൽനിന്ന്
text_fieldsതൃശൂർ: സംസ്ഥാന സബ്സിഡിയുള്ള റേഷൻകാർഡുകൾക്കും (നീല) പൊതുകാർഡുകൾക്കും (വെള്ള) സർക്കാർ പ്രഖ്യാപിച്ച 10 കിലോ ഓണം സ്പെഷൽ അരി വിതരണത്തിന് കേന്ദ്ര വിഹിതം ഇതുവരെ ലഭിച്ചില്ല. ഇതിനായി കൂടിയ വിലയിൽ അരി നൽകണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പിന് സംസ്ഥാന പൊതു വിതരണവകുപ്പ് കത്തെഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കുന്നതിന് മുമ്പേ സംസ്ഥാന സർക്കാർ പ്രഖ്യാപനം നടത്തിയതിനാൽ വിതരണം ഈ ആഴ്ച മുതൽ തുടങ്ങുകയും ചെയ്തു.
കേന്ദ്ര അരി ലിഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സെപ്റ്റംബറിലെ റേഷൻ വിഹിതത്തിൽ നിന്നാണ് ഓണം സ്പെഷൽ വിതരണം ചെയ്യുന്നത്. ഇതിനായി സെപ്റ്റംബറിലെ വിഹിതം പൂർണമായി ഫുഡ് കോർപറേഷൻ ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകളിൽ നിന്നും എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് മാറ്റി കഴിഞ്ഞു. റേഷൻകടകളിലേക്കുള്ള വാതിൽപടി വിതരണവും അവസാനഘട്ടത്തിലാണ്.
റേഷൻ കടകളിൽ നീക്കിയിരിപ്പുള്ളതും ഇതിനായി ഉപയോഗിക്കാൻ നിർദേശമുണ്ട്. 10.90 രൂപ നിരക്കിൽ ഇരു വിഭാഗത്തിനും പത്ത് കിലോ അരിയാണ് ഓണത്തിന് പ്രത്യേകമായി നൽകുന്നത്. അതേസമയം വെള്ള കാർഡുകാരുടെ സെപ്റ്റംബറിലെ റേഷൻവിഹിതത്തെ ഇത് ബാധിക്കും. സെപ്റ്റംബറിലെ വിഹിതം ഓണം സ്പെഷലിനായി അനുവദിക്കുമ്പോൾ അത് രണ്ടു മുതൽ നാലു കിലോ ആയി കുറയാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥ വിശകലനം.
തുടർമാസങ്ങളിലും ഈനില തുടരുകയും ചെയ്യും. വെള്ള കാർഡ് ഉടമകളിൽ സ്ഥിരമായി അരി വാങ്ങുന്നവർ കുറവാണെന്ന നിഗമനമാണ് പൊതു വിതരണ വകുപ്പ് ഈ നിലപാട് സ്വീകരിക്കാൻ കാരണം. എന്നാൽ തുറന്ന വിപണിയിൽ അരിവില കൂടിയതിനാൽ സ്ഥിരമായി റേഷൻ വാങ്ങാത്തവർ റേഷൻകടകളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല വകുപ്പിന്‍റെ വിപണി ഇടപെടലിനെ ബാധിക്കുന്നതിനാൽ അരിവില കൂട്ടാനും ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.