കേന്ദ്ര സർക്കാരിന് ‘ഡാറ്റ ഫോബിയ’ -മന്ത്രി റിയാസ്
text_fieldsമലപ്പുറം: കേന്ദ്രസർക്കാരിന് ഡാറ്റാ ഫോബിയയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ വെപ്രാളപ്പെടുന്ന സർക്കാർ ശരിയായ ഡാറ്റ നൽകുന്നവരെ നടപടിയെടുത്ത് പ്രതികാരം ചെയ്യുകയാണ്. മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുപൊളിക്കുകയാണ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസ് ഡയറക്ടർ കെ.എസ്. ജെയിംസിനെ കേന്ദ്രസർക്കാർ പുറത്താക്കിയത് ഇതിന്റെ ഭാഗമാണ്.
കേന്ദ്രസർക്കാർ കെട്ടിഘോഷിക്കുന്ന പലതും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ശാസ്ത്രീയമായ പല സർവേകളും. സമ്പൂർണ വെളിയിട വിസർജനമുക്ത ഭാരതം എന്ന പ്രചാരണം തെറ്റാണെന്നും വലിയൊരു ശതമാനം ജനതക്കും ശുചിമുറികളില്ല എന്നാണ് ഐ.ഐ.പി.എസിന്റെ സർവേയിൽ കണ്ടെത്തൽ. സർക്കാർ പ്രകീർത്തിക്കുന്ന പാചകവാതക കണക്ഷൻ 40 ശതമാനം വീടുകളിൽ ഇല്ല. ഗ്രാമങ്ങളിൽ അത് 57 ശതമാനമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ അഞ്ചാം റൗണ്ട് സർവേ കേന്ദ്രസർക്കാരിന്റെ പല അവകാശവാദങ്ങളും പൊളിച്ചടുക്കുന്നതാണ്. ഡാറ്റകൾ വസ്തുതകൾ സംസാരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡാറ്റകൾക്കെതിരെ നരേന്ദ്രമോദി നിലപാടെടുക്കുന്നത് ഇതാദ്യമല്ല. 2019ൽ നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ തയാറാക്കിയ തൊഴിലില്ലായ്മയുടെ സർവേഫലം പുറത്തുവിടാതെ തടഞ്ഞുവച്ചു. 2017-18 കാലത്തെ രാജ്യത്തെ തൊഴിൽ ലഭ്യതയും തൊഴിൽ നഷ്ടവും സംബന്ധിച്ച റിപ്പോർട്ടാണ് പൂഴ്ത്തിയത്. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ പുറത്തുവരാതിരിക്കാൻ ഡാറ്റ തടഞ്ഞുവച്ചതുകൊണ്ട് സാധ്യമല്ല. സർക്കാർ ഡാറ്റയെ ഭയപ്പെടുകയല്ല വേണ്ടത്. ഇത്തരം വിവിരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. കണക്കുകളിൽ ഇനി തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായാൽ ആ വിവരം പറയില്ല. എന്നാൽ യാഥാർഥ്യം അതായിരിക്കില്ലെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.