വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണം; നാല് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് ചുമതല. നാലു മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകാൻ ജോയന്റ് ഡയറക്ടർ ഉത്തരവിൽ നിർദേശിച്ചു.
സി.എം.ആർ.എൽ എന്ന സ്വകാര്യ കരിമണൽ കമ്പനിയിൽനിന്ന് വീണക്ക് മൂന്നു വർഷത്തിനിടയിൽ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷൻ, സി.എം.ആർ.എൽ എന്നിവക്കെതിരെയും അന്വേഷണമുണ്ട്. കർണാടകയിലെ കമ്പനി ഡെപ്യൂട്ടി രജിസ്ട്രാർ ബി.എസ്. വരുൺ, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കരനാരായണൻ, പുതുച്ചേരി ആർ.ഒ.സി.എ ഗോകുൽദാസ് എന്നിവർക്കാണ് അന്വേഷണച്ചുമതല.
മാസപ്പടി വിവാദത്തിൽ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ മുൻനിർത്തിയാണ് അന്വേഷണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാസപ്പടി വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കമ്പനി രജിസ്ട്രാറുടെ ബംഗളൂരു ഓഫിസ് നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് ഇപ്പോഴത്തെ വിശദാന്വേഷണം. എറണാകുളത്തെ കമ്പനി രജിസ്ട്രാർ ഓഫിസിന് സി.എം.ആർ.എൽ ഒഴിഞ്ഞുമാറുന്ന വിധം അവ്യക്തമായ മറുപടികളാണ് നൽകിയത്. വ്യവസായ വികസന കോർപറേഷൻ മറുപടിതന്നെ നൽകിയിരുന്നില്ല.
വീണ വിജയന്റെ കമ്പനി സി.എം.ആർ.എല്ലിൽനിന്നു കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐ.ജി.എസ്.ടി അടച്ചെന്ന് നേരത്തേ ധനവകുപ്പ് വിശദീകരിച്ചിരുന്നു. ജി.എസ്.ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജി.എസ്.ടി വകുപ്പുമായി ബന്ധപ്പെട്ടതിനുശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. അതേസമയം, വീണയുടെ കമ്പനി എത്ര തുകയാണ് അടച്ചതെന്ന് വ്യക്തമാക്കിയിരുന്നുമില്ല. വ്യക്തിഗത വിവരമായതിനാൽ അത് പുറത്തുവിടുന്നില്ലെന്നായിരുന്നു ധനവകുപ്പിന്റെ വിശദീകരണം. വിഷയത്തിൽ മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്. നേരത്തേ എക്സാലോജിക് സി.എം.ആർ.എല്ലുമായി നടത്തിയ ഇടപാടിന്റെ ജി.എസ്.ടി വിവരങ്ങൾ നൽകാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചിരുന്നു. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ജി.എസ്.ടി വകുപ്പ് നിലപാട്.
ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) വീണ വിജയന്റെ കമ്പനിക്ക് പണം നൽകിയത് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് കാരണമായിരുന്നു. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം ലഭിച്ചതെന്നുമുള്ള ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തലും പുറത്തുവന്നതോടെ വിഷയം പ്രതിപക്ഷം സർക്കാറിനെതിരെ രാഷ്ട്രീയ ആയുധമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.