സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാരിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണം നടത്തുന്നു. എല്ലാം പാർട്ടി പരിശോധിച്ച കാര്യങ്ങളാണ്. സഹകരണമേഖലയിലെ ഇ.ഡി റെയ്ഡും ഇതിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
സഹകരണ മേഖലയെ തകർക്കാനുള്ള കരുവായി കരുവന്നൂരിനെ മാറ്റരുത്. കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ കാരണക്കാർ പാർട്ടി നേതൃത്വമാണ് എന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. അപൂർവ സ്ഥലങ്ങളിൽ മാത്രമാണ് ക്രമക്കേട് നടക്കുന്നത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആവശ്യമായ ഫലപ്രദമായ ഇടപെടൽ നടക്കുന്നുണ്ട്. ഒന്നും മറച്ചു വെക്കാനില്ലെന്നും ഇഡി നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. സുപ്രീംകോടതിയുടെ ഇടപെടൽ കൊണ്ടാണ് സഹകരണ മേഖല പിടിച്ചുനിന്നത്.
എ.സി. മൊയ്തീന്റെ പേര് പറയാൻ കൗൺസിലർമാരെ മർദിക്കുകയാണ്. മകളുടെ വിവാഹം പോലും നടക്കില്ലെന്ന് എം.വി. അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. എ.സി. മൊയ്തീൻ ചാക്കിൽ കെട്ടി പണംകൊണ്ടുപോകുന്നത് കണ്ടു എന്ന് പറയണമെന്ന് വരെ ഇ.ഡി ആവശ്യപ്പെട്ടുവെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.