വയനാട് പാക്കേജിൽ കേന്ദ്ര സര്‍ക്കാർ താല്‍പര്യം കാട്ടുന്നില്ല; ദൗര്‍ഭാഗ്യകരമെന്ന് കെ.സി. വേണുഗോപാല്‍
text_fieldsകൽപ്പറ്റ: വയനാട് പാക്കേജ് അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരിതാശ്വാസ സാമ്പത്തിക സഹായം വൈകിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇത്രയും വലിയ പ്രകൃതി ദുരന്തമുണ്ടായിട്ട് പോലും കേന്ദ്രസര്‍ക്കാര്‍ കാര്യമായ താല്‍പര്യം കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വിശദമായ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കൂടുതല്‍ തുക അനുവദിക്കുന്നതുമാണ് പതിവ്. എന്നാല്‍, വയനാടിന്റെ കാര്യത്തില്‍ അതുണ്ടായില്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുകയാണ്.
ഇത് പരസ്പരം കുറ്റപ്പെടുത്തേണ്ട വിഷയമല്ല. ദുരന്തബാധിതരെ അതിജീവനത്തിലേക്ക് കൊണ്ടുവരണം. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം, ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെ സര്‍ക്കാറിന്‍റെ ക്രിയാത്മക ഇടപെടല്‍ വേണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വയനാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.