ശബരി റെയിൽ വൈകാൻ കാരണം സംസ്ഥാനത്തിന്‍റെ അലംഭാവമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത 50 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും സംസ്ഥാന സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപാത വൈകാൻ കാരണമെന്ന് റെയിൽവേ മന്ത്രാലയം. രാജ്യസഭയിൽ ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
116 കിലോമീറ്ററുള്ള പദ്ധതിക്ക് 1997-'98ലാണ് അനുമതി നൽകിയത്. അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്‍റെ സർവേ 2002ൽ പൂർത്തിയാക്കി. ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് കോട്ടയം ജില്ലയിലെ സർവേ 2007ൽ നിർത്തിവെച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കവും കോടതിക്കേസുകളും സംസ്ഥാന സർക്കാറിന്‍റെ അലംഭാവവുമാണ് പദ്ധതി നീണ്ടുപോകാൻ കാരണം.
പദ്ധതിയിൽ 50 ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാർ സമ്മതിച്ച് ധാരണപത്രം ഒപ്പിട്ടുവെങ്കിലും ഒരുവർഷത്തിനകം തന്നെ അതിൽനിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നൽകിയില്ല. നീണ്ട ചർച്ചകൾക്ക് ശേഷം 2021 ജനുവരി ഏഴിന് 50 ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സർക്കാർ സന്നദ്ധത അറിയിക്കുകയും കിഫ്ബിയിൽ വകയിരുത്തുകയും ചെയ്തു. കേരള റെയിൽ വികസന കോർപറേഷൻ തയാറാക്കി 2022 ജൂൺ 23ന് സമർപ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയിൽവേ പരിശോധിച്ചുവരുകയാണ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കൽ 3,448 കോടി രൂപയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.