മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ എന്തു തെറ്റാണ് ചെയ്‌തതെന്ന് കേന്ദ്രം വ്യക്തമാക്കണം -കെ.എൻ. ബാലഗോപാൽ
text_fieldsതിരുവനന്തപുരം: മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കെ.എൻ. ബാലഗോപാൽ. വയനാട് ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത വിവേചനമാണ് പ്രകടമാകുന്നത്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
400ഓളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും 100ലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാണ്. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കുമ്പോള്‍ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.
കേരള ഹൈകോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയിക്കാന്‍ കേന്ദ്രത്തോട് നിർദേശിച്ചത്.
ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം കേന്ദ്രസര്‍ക്കാര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നു.
രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മൂല്യങ്ങളിലൊന്ന് ഫെഡറലിസമാണ്. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുകയാണ്. രാഷ്ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന ഗവണ്‍മെന്റുകളോട് ഒരുതരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അര്‍ഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്തെ സമുന്നതരായ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയില്‍ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങള്‍ അക്കമിട്ട് നിരത്തി നാം ഹര്‍ജി നല്‍കി. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് നാം നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ചു. കേരളമുയര്‍ത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തി.
ഈ പശ്ചാത്തലത്തില്‍ വേണം വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവത്കരിച്ച കേന്ദ്രത്തിന്റെ നടപടികള്‍ നോക്കിക്കാണാന്‍. ഒരു നാട് ഒന്നിച്ച് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും ധനമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വാർത്തകുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.