മീഡിയവൺ: എന്തുകൊണ്ട് വിലക്കിയെന്നതിന് കേന്ദ്രത്തിന് മറുപടിയില്ല -ഒ. അബ്ദുറഹ്മാൻ
text_fieldsകോഴിക്കോട്: മീഡിയവൺ ചാനലിന് എന്തുകൊണ്ടാണ് വിലക്കേർപ്പെടുത്തിയത് എന്ന ചോദ്യത്തിന് കേന്ദ്രസർക്കാറിന് ഒരു മറുപടിയുമില്ലെന്ന് മാധ്യമം -മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. മീഡിയവൺ സംപ്രേഷണ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിമാടുകുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീഡിയവണിനെ ഇന്ന കാരണത്താൽ വിലക്കുന്നു എന്ന് എവിടെയും പറഞ്ഞിട്ടില്ല. 10 കൊല്ലമായി മീഡിയവൺ ഇവിടെ പ്രവർത്തിക്കുന്നു. അത് രാജ്യരക്ഷാ വിരുദ്ധമായിരുന്നോ രാജ്യദ്രോഹപരമായിരുന്നോ എന്നെങ്കിലും പറയണ്ടേ? ഒന്നും ഇല്ല. ഒരിക്കൽ പോലും ഈ സ്ഥാപനത്തോട് നിങ്ങൾ ഈ വാർത്ത എന്തിന് കൊടുത്തു, ഈ ചർച്ച എന്തിന് സംഘടിപ്പിച്ചു എന്ന് ചോദിച്ചിട്ടില്ല. യാതൊരു ഉപാധിയുമില്ലാതെയാണ് വിലക്കേർപ്പെടുത്തിയത്. അത് ഞങ്ങളുടെ അധികാരം, ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നാണ് സർക്കാർ നിലപാട്. കോടതിയോട് പോലും പറയുന്നത് അതാണ് -അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്റലിജൻസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും നൽകുന്ന ശരിയോ തെറ്റോ ആയ കുറേ വിവരങ്ങൾ കൂട്ടിച്ചേർത്താണ് കോടതിയിൽ സമർപ്പിച്ചത്. ഇക്കാര്യം ആരോടും വെളിപ്പെടുത്തേണ്ടതില്ല എന്നാണ് പറയുന്നത്. അതേസമയം, പാർലമെന്റ് ആക്രമണത്തിൽ പ്രതിയായ അഫ്സൽ ഗുരുവിനോടുപോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് അറിയിച്ചിരുന്നു. അതിന് ശേഷമാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ചോദിക്കണ്ട, പറയണ്ട, ഞങ്ങൾ പറയില്ല എന്നു പറഞ്ഞല്ല അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ഇവിടെ അതുമില്ല. നിങ്ങൾ ഇനി നടത്തേണ്ടതില്ല എന്നാണ് പറയുന്നത്.
ഈ രാജ്യത്തിന് ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന അനുവദിച്ചതാണ് ആവിഷ്കാര സ്വാതന്ത്ര്യം. അതിന്റെ അവിഭാജ്യഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. ഇക്കാര്യം ബ്രിട്ടീഷ് സാമ്രാജ്യത്വം പോലും ഒരുപരിധിവരെ അനുവദിച്ചിരുന്നു. അവരുടെ കാലത്ത് പത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ ചിലതിന് കുറച്ച് കാലത്തേക്ക് നിരോധിച്ചിരുന്നു. വേറെ ചിലതിന് ഉപാധികളോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. വക്കം മൗലവി നടത്തിയ സ്വദേശാഭിമാനി ബ്രിട്ടീഷുകാർ നിരോധിച്ചപ്പോൾ വെച്ച ഉപാധി രാമകൃഷ്ണപിള്ളയെ പത്രാധിപസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നതായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കിയാൽ പത്രം തുടർന്നും നടത്താം എന്നായിരുന്നു ബ്രിട്ടീഷുകാർ പറഞ്ഞത്. എന്നാൽ, ഇവിടെ മീഡിയ വൺ ചാനൽ പൂട്ടിക്കാൻ ഒരു ഉപാധിയുമില്ല, പൂട്ടിച്ചു. ചോദിക്കുന്നതിന് ഒരു മറുപടിയുമില്ല. അത് ഞങ്ങളുടെ അധികാരം, ഞങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നതാണ് സർക്കാർ നിലപാട്. കോടതിയോട് പോലും പറയുന്നത് അതാണ്.
വിലക്കിനെതിരെ ചാനൽ കോടതിയിൽ പോയി. കേരളം ഒന്നടങ്കം മീഡിയവണിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എം.പിമാരെല്ലാം ലോക്സഭയിലും രാജ്യസഭയിലും ഒറ്റക്കെട്ടായി വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത്ഷായെ അവർ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടു. ഒരു മറുപടിയുമില്ല. ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ചാണ് വിലക്ക് വീണത്. ബ്രോഡ്കാസ്റ്റ് വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിനെയും എം.പിമാർ കണ്ടു. അദ്ദേഹത്തിനും മറുപടിയില്ല. തന്റെ മന്ത്രാലയത്തിന് യാതൊരു എതിർപ്പുമില്ലെന്നും പരിശോധനയിൽ ദോഷകരമായി ഒന്നും കണ്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് പൂട്ടിയതെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെയുണ്ടോ ഒരു ജനാധിപത്യ രാജ്യം? ഇത്രത്തോളം മോശമാകാൻ കഴിയുമോ?
വളരെ വ്യക്തമാണ് കാര്യം. ഈ നാട്ടിൽ മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഭീകരമായ അടിയാണിത്. അതിനെതിരായി ഒറ്റക്കെട്ടായി നീങ്ങിയില്ലെങ്കിൽ നിരോധനം ഇന്ന് മീഡിയവണിനാണ്, നാളെ കൈരളിക്കായിരിക്കും, മറ്റന്നാൾ വേറെ വല്ലതുമാകും. അതിനേക്കാളുപരി 350 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ്. ഇവർ കുടുംബം പോറ്റാൻ എന്തു ചെയ്യും? ഇക്കാര്യമുന്നയിച്ച് പത്രപ്രവർത്തക യൂനിയൻ കേസിൽ കക്ഷി ചേർന്നിട്ടും ഗവൺമെന്റിനോ കോടതിക്കോ ഒരു മറുപടിയുമില്ല.
ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തിന്റെ റാങ്കിങ്ങിൽ 142ാംസ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ആ പട്ടികയിൽ ജനാധിപത്യം പേരിന് പോലും ഇല്ലാത്ത രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ നമ്മളേക്കാൾ മുന്നിലാണ്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി മനോവീര്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം -ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.എ. സൈഫുദ്ദീൻ സംസാരിച്ചു. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, സി.ഇ.ഒ പി.എം. സാലിഹ് തുടങ്ങിയവർ പങ്കെടുത്തു. എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി കെ. സജീവൻ, പി.പി. ജുനൂബ്, പി.വി. അരവിന്ദൻ, പി. സാലിഹ്, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ യൂനിറ്റുകളിലും പ്രതിഷേധ സംഗമം നടന്നു.
കോഴിക്കോട് സിറ്റി യൂനിറ്റിൽ സ്പെഷൽ കറസ്പോണ്ടന്റ് ഉമർ പുതിയോട്ടിൽ, സി.ആർ.എം വി.സി. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. ബ്യൂറോ ചീഫ് ഹാഷിം എളമരം, ടി.എം. അബ്ദുൽ ഹമീദ്, മുനീർ ബാബു, കെ.ടി. വിബീഷ് തുടങ്ങിയവർ നേതൃത്വം നൽകി. തിരുവനന്തപുരം യൂനിറ്റിൽ എം.ജെ.യു സെൽ കൺവീനർ കെ. താജുദീൻ, എം.ഇ.യു യൂനിറ്റ് പ്രസിഡൻ്റ് ടി.എ. റഷീദ്, ജോയൻ്റ് സെക്രട്ടറി ഷൈജു, നൗഷാദ് എന്നിവർ സംസാരിച്ചു. കണ്ണൂരിൽ കാൽടെക്സ് ജങ്ഷനിൽ നടന്ന ധർണക്ക് എ.കെ. ഹാരിസ്, സി.പി. പ്രകാശൻ, കെ. സജീം, മട്ടന്നൂർ സുരേന്ദ്രൻ, ടി. അസീർ തുടങ്ങിയവർ നേതൃത്വം നൽകി.
മലപ്പുറം യൂനിറ്റിൽ സംഗമം കെ.എൻ.ഇ.എഫ് ജില്ല പ്രസിഡന്റ് ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജേണലിസ്റ്റ്സ് യൂനിയൻ സെൽ കൺവീനർ വി.എം. ജാബിർ അഹ്മദ് അധ്യക്ഷത വഹിച്ചു. ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ടി.പി. സുരേഷ് കുമാർ, നൗഷാദ് പൂന്തോട്ടം എന്നിവർ സംസാരിച്ചു. ഐ. മുർശിദ് സ്വാഗതവും പി.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു. മുഅല്ലിഫുൽ ഹഖ് നേതൃത്വം നൽകി. എറണാകുളത്ത് റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ ഉദ്ഘാടനംചെയ്തു. ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ അധ്യക്ഷത വഹിച്ചു. മാധ്യമം എംേപ്ലായീസ് യൂനിയൻ സെക്രട്ടറി കെ.എസ്. അബ്ദുൽ കരീം സ്വാഗതവും ജേണലിസ്റ്റ് യൂനിയൻ കൺവീനർ എം. ഷിയാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.