പ്രവാചക നിന്ദ: കേന്ദ്രസർക്കാർ കാപട്യം കളിക്കുന്നു -എം.ഐ. അബ്ദുൽ അസീസ്
text_fieldsകോട്ടയം: ഒരു വശത്ത് പ്രവാചക നിന്ദ നടത്തിയവരെ തൽസ്ഥാനത്തുനിന്ന് നീക്കുകയും മറുവശത്ത് പ്രവാചക നിന്ദയിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും ചെയ്ത് കേന്ദ്രസർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാപട്യം കളിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതിലൂടെ പ്രവാചക നിന്ദ സർക്കാർ നിലപാടാണ് എന്നാണ് വ്യക്തമാക്കുന്നത്. സർക്കാറിന്‍റെ മനുഷ്യവിരുദ്ധ നടപടി ഇന്ത്യയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ നാണം കെടുത്തും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാടുകളോട് വിയോജിക്കുന്നവരെ വേട്ടയാടുകയാണ് സർക്കാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അലഹബാദിൽ ജാവേദ് മുഹമ്മദിന്റെയും അഫ്രീൻ ഫാത്തിമയുടെയും വീടുകൾ തകർത്തത്.
പ്രതിഷേധക്കാരെ അടിച്ചമർത്തിയും സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കിയും ജനാധിപത്യ പ്രക്ഷോഭങ്ങളെ തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ നടപ്പാകാൻ പോകുന്നില്ല. ഇന്ത്യപോലുള്ള വിപുലമായ ജനാധിപത്യരാജ്യത്ത് ബുൾഡോസർ വിപ്ലവം നടത്തി പോരാട്ടങ്ങളെ അടിച്ചമർത്തിക്കളയാമെന്നത് സംഘ് പരിവാറിന്‍റെ വ്യാമോഹം മാത്രമാണ്. ഇതിനെതിരെ രാജ്യത്തുടനീളം വളർന്നുവരുന്ന വർധിത ജനാധിപത്യ ബോധത്തെ കാണാതിരിക്കരുതെന്നും സർക്കാറുകളോട് എം.ഐ. അബ്ദുൽ അസീസ് ഓർമിപ്പിച്ചു.
മുസ്ലിം വേട്ടക്കെതിരെ മതേതര ജനാധിപത്യ കക്ഷികളുടെ മൗനം ഭീകരമാണ്. നിർഭയമായി അത്തരം വിഭാഗങ്ങൾ രംഗത്തുവരണം. ഭരണഘടന മൂല്യങ്ങളെയും പൗരാവകാശങ്ങളെയും സർക്കാർ തന്നെ നിരാകരിക്കുമ്പോൾ നീതിന്യായ സംവിധാനം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. സംഘ്പരിവാറിന്‍റെ വർഗീയ ധ്രുവീകരണത്തിനെതിരെ എല്ലാവരെയും ചേർത്തുനിർത്തി, മതസൗഹാർദം നിലനിർത്താൻ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അമീർ പറഞ്ഞു.
സംസ്ഥാന ശൂറ അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, ജില്ല പ്രസിഡന്റ് എ.എം.എ. സമദ്, പി.ആർ സെക്രട്ടറി സലിം മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.