വഖ്ഫ് ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം -സമസ്ത
text_fieldsകോഴിക്കോട്: രാജ്യത്ത് നിലവിലുള്ള മഹാഭൂരിഭാഗം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വഖ്ഫ് ഭേദഗതി ബിൽ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്‍താവനയിൽ ആവശ്യപ്പെട്ടു.
നിലവിലുള്ള നിയമ പ്രകാരം വഖ്ഫ് വസ്തുക്കളുടെ പട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അത് ചോദ്യം ചെയ്യാനുള്ള സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയ ബില്ല് പ്രകാരം വര്‍ഷങ്ങള്‍ക്ക് ശേഷവും വഖ്ഫ് വസ്തുവിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് കൊണ്ട് ആര്‍ക്കും ഏത് കാലത്തും പരാതിപ്പെടാവുന്നതാണ്. വഖ്ഫ് സർവേ കമീഷണര്‍ക്ക് പകരം വഖ്ഫ് വസ്തു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കലക്ടറാണ്. കലക്ടര്‍ പരാതി പരിഗണനക്കെടുക്കുന്നതോട് കൂടി വഖ്ഫ് സ്വത്തിന്റെ നിയമപരമായ ആനുകൂല്യം ഇല്ലാതാക്കപ്പെടുന്നതാണ്. അതോടൊപ്പം സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും നിരവധി അധികാരങ്ങള്‍ ബില്ലില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വഖ്ഫ് വസ്തു വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കലക്ടറുടെ അംഗീകാരം അനിവാര്യമാണ്. ഭാഗികമായോ മുഴുവനായോ വഖ്ഫ് സ്വത്ത് സര്‍ക്കാരിന്റെതാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന പക്ഷം പ്രസ്തുത സ്വത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി കോടതി വിധി സമ്പാദിക്കേണ്ടി വരുമെന്നതാണ് പുതിയ ഭേദഗതി നിയമം. സ്വത്തുക്കള്‍ വഖ്ഫാക്കി മാറ്റുന്നതിനും നിലവിലുള്ളവ വഖ്ഫാണെന്ന് സ്ഥിരപ്പെടുത്തുന്നതിനും മുഴുവന്‍ റവന്യൂ നിയമങ്ങളും പ്രാബല്യത്തില്‍ കൊണ്ട് വരണമെന്ന നിബന്ധന വഖ്ഫ് സ്വത്തുക്കളുടെ നിലനില്‍പ്പ് ഇല്ലായ്മ ചെയ്യപ്പെടുന്നതിന് കാരണമാകുന്നതാണ്.
നിലവിലുള്ള വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമായ അനുഛേദം 26ന്റെ ലംഘനം കൂടിയാണ്. വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള എല്ലാവിധ അവസരങ്ങളും കൈയേറ്റക്കാര്‍ക്ക് ഒരുക്കി കൊടുക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നിട്ടുള്ളത്.
ഈ ബില്ല് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേരള വഖ്ഫ് നിയമം കൊണ്ടു വരണമെന്നും അത് വരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖ്ഫ് സ്വത്തുക്കള്‍ പരിപൂര്‍ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.