ദൃശ്യമാധ്യമങ്ങളെ വര്‍ക്കിങ് ജേര്‍ണലിസ്റ്റ് ആക്ടില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്മൃതി ഇറാനിയുടെ ഉറപ്പ്. വാര്‍ത്താ വിനിമയത്തില്‍ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മര്‍മ്മ പ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഇത് കണക്കിലെടുത്ത് നിയമത്തിന് ആവശ്യമായ ഭേദഗതി വരുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഈ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരുന്നതിന് സമവായമുണ്ടാക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ മറ്റൊരു മന്ത്രാലയത്തിന്‍റെ കീഴിലാണ്. 1955ലാണ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആൻഡ് അദര്‍ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ആക്ട് നിലവില്‍ വന്നത്. പത്രങ്ങള്‍ മാത്രമാണ് ഈ നിയമത്തിന്‍റെ പരിധിയില്‍ വരുന്നത്. അതുകാരണം ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിയമത്തിന്‍റെ സംരക്ഷണമില്ല. തങ്ങളെയും വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്‍റെ പരിധിയില്‍ പെടുത്തണമെന്ന് ദീര്‍ഘകാലമായി ദൃശ്യമാധ്യങ്ങളിലെ ജേര്‍ണലിസ്റ്റകള്‍ ആവശ്യപ്പെട്ടുവരികയാണ്.
കോട്ടയത്തെ നിര്‍ദ്ദിഷ്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി.) മേഖലാകേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തത്തുമെന്ന് സ്മൃതി ഇറാനി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. മേഖലാകേന്ദ്രം സ്ഥാപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഐ.ഐ.എം.സിക്ക് കൈമാറിയിട്ടുണ്ട്.
കോഴിക്കോട് ആകാശവാണി നിലയത്തിലെ വാര്‍ത്താ വിഭാഗം നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. വാര്‍ത്താവിഭാഗങ്ങള്‍ നിര്‍ത്താലാക്കുന്നത് കേന്ദ്രത്തിന്‍റെ നയമല്ലെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ ആറ് വടക്കന്‍ ജില്ലകളിലേക്കും ലക്ഷദ്വീപിലേക്കുള്ള വാര്‍ത്തകള്‍ നല്‍കുന്നത് കോഴിക്കോട് നിലയത്തില്‍ നിന്നാണ്. വാര്‍ത്താവിഭാഗം നിര്‍ത്തലാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.