ഹജ്ജ് നടപടികളിൽ റോളില്ലാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി
text_fieldsമലപ്പുറം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പിടിമുറുക്കിയതോടെ ഹജ്ജ് നടപടികളിൽ ഒരു റോളുമില്ലാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി. നേരത്തേ, കൃത്യമായി നടന്നിരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേർന്നിട്ട് പോലും 18 മാസമായി. ഒടുവിൽ 2022 ആഗസ്റ്റിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേർന്നത്. ഹജ്ജുമായി ബന്ധപ്പെട്ട നടപടികളെല്ലാം നേരത്തേ നടന്നിരുന്നത് ഹജ്ജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരുന്നു.
സ്മൃതി ഇറാനി വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് മന്ത്രാലയം നേരിട്ട് ഇടപെടാൻ തുടങ്ങിയത്. ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതും നറുക്കെടുപ്പും അനുബന്ധ കാര്യങ്ങളുമെല്ലാം ഇപ്പോൾ തീരുമാനിക്കുന്നത് മന്ത്രാലയമാണ്. മുംബൈയിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് മന്ത്രാലയമാണ്. സാധാരണ രീതിയിൽ ഹജ്ജ് അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേരുകയും നടപടികൾ വിലയിരുത്തുകയും ചെയ്യാറുണ്ട്.
കൂടാതെ, ഹജ്ജുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പോരായ്മകളും നിർദേശങ്ങളും കമ്മിറ്റി യോഗത്തിലാണ് വിശദമായി ചർച്ച ചെയ്യാറുളളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നിർദേശംകൂടി പരിഗണിച്ചായിരുന്നു തീരുമാനങ്ങൾ. ഇക്കുറി അത്തരം കാര്യങ്ങളൊന്നുമുണ്ടായിട്ടില്ല. ഇതിനുപകരം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നേരിട്ട് ഹജ്ജുമായി പ്രവർത്തിക്കുന്നവരിൽ നിന്നടക്കം അഭിപ്രായങ്ങൾ തേടുകയായിരുന്നു.
മുമ്പ് അഞ്ച് വർഷത്തേക്കായിരുന്നു ഹജ്ജ്നയം രൂപപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഓരോ വർഷവും പുറത്തിറക്കുന്നു. ഇതും മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. നറുക്കെടുപ്പിന് നേരത്തേ ഹജ്ജ് കമ്മിറ്റിക്കായിരുന്നു മേൽനോട്ടമെങ്കിൽ ഇപ്പോൾ മന്ത്രാലയം ഏറ്റെടുത്തു. മുൻ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച് മൂന്നു വർഷങ്ങൾക്ക് ശേഷം 2022 ഏപ്രിലിലാണ് പുതിയ കമ്മിറ്റി നിലവിൽവന്നത്. 2019 മേയ് 24നായിരുന്നു മുൻ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. കമ്മിറ്റി യോഗം ചേരാത്തത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നേരത്തേ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.