കേന്ദ്ര ഭവന പദ്ധതി; കേരളം നഷ്ടപ്പെടുത്തിയത് 195.82
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ ഭവനപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണില്നിന്ന് ലഭിക്കേണ്ട 195.82 കോടി രൂപ സംസ്ഥാന സർക്കാറിെൻറ അനാസ്ഥ കാരണം കേരളത്തിന് നഷ്ടമായെന്ന് സി.ആൻഡ്.എ.ജി (കംട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറൽ) റിപ്പോർട്ട്. കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ച ഭൗതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കാത്തതാണ് വീഴ്ചക്ക് ഇടയാക്കിയതെന്നും സാമൂഹിക മേഖലയെ സംബന്ധിച്ച് ചൊവ്വാഴ്ച നിയമസഭയില്‍ സമര്‍പ്പിച്ച 2019 ലെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2016- 18 കാലയളവിലെ വിഹിതമാണ് നഷ്ടമായത്.
സംസ്ഥാനത്ത് 2016- 19 കാലത്ത് ഈ പദ്ധതിപ്രകാരം 42,431 വീടുകള്‍ നിർമിച്ചു നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 16,101 എണ്ണം മാത്രമാണ് നിർമിച്ചത്. ഭൂമിയില്ലാത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കാത്തതിനാൽ തെരഞ്ഞെടുത്ത ഗുണഭോക്താക്കളില്‍ 5,712 പേർക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഗ്രാമപഞ്ചായത്തുകളില്‍നിന്ന് കെട്ടിട നിർമാണ പെര്‍മിറ്റും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയില്‍നിന്ന് സമ്മതപത്രവും വാങ്ങാതെയാണ് 580 വീടുകള്‍ നിർമിച്ചത്. പദ്ധതി മാർഗരേഖകള്‍ക്ക് വിരുദ്ധമായി കുടുംബത്തിലെ പുരുഷ അംഗത്തിെൻറ പേരിൽ മാത്രമായി നിരവധി വീടുകള്‍ അനുവദിച്ചു.
രോഗബാധിതര്‍, പ്രായാധിക്യമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ സ്വയം നിർമാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരുടെ ഭവനനിർമാണ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നതായിരുന്നു മാർഗനിർദേശം. എന്നാല്‍, അതിന് തയാറാകാതെ ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍ 393 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ അനുവദിച്ചില്ല.
തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയിൽ നിർമിച്ച 275 വീടുകളില്‍ 119 ലും കുടിവെള്ളം, ശൗചാലയം, വൈദ്യുതി ബന്ധം, പാചകവാതക കണക്ഷൻ സൗകര്യങ്ങളില്ല. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ മേഖലകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലെ അനിശ്ചിതത്വവും മേല്‍നോട്ടവും ഏകോപനവും ഇല്ലാത്തതിനാല്‍ പ്രയോജനപ്പെടാതെ പോയതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.