ഇന്‍റലിജൻസ് റിപ്പോർട്ടിൽ ഇടത് സര്‍ക്കാറിനെതിരെ നിശബ്ദ തരംഗമെന്ന് കോൺഗ്രസ് മുഖപത്രം, ഏഴ് മന്ത്രിമാർ പരാജയപ്പെടും; യു.ഡി.എഫിന് 92 മുതല്‍ 101 സീറ്റ്
text_fieldsകോഴിക്കോട്: പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സര്‍ക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിലുണ്ടെന്നും ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടാന്‍ വഴിയൊരുക്കുമെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നതായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. സംസ്ഥാനത്ത് 92 മുതല്‍ 101 സീറ്റ് വരെ യു.ഡി.എഫ് നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) റിപ്പോര്‍ട്ട് നല്‍കിയതായാണ് വാർത്ത പുറത്തുവിട്ടത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാധ്യതകളെ കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി തെരഞ്ഞെടുപ്പിന് മുമ്പ് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. സമാനമായ കണ്ടെത്തലാണ് പിണറായി സർക്കാറിന് കീഴിലുള്ള സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുമുള്ളത്. 75 മുതല്‍ 84 വരെ സീറ്റുകൾ യു.ഡി.എഫ് നേടുമെന്നാണ് സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്.
ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെയാണ് സാധ്യത പറയുന്നത്. എന്നാല്‍, ഒരു സീറ്റ് പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടായേക്കാം. അഞ്ച് സീറ്റില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തു വരും. എന്നാല്‍, ഇത് ഉള്‍പ്പെടെ ഏഴ് സീറ്റില്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.
പിണറായി സര്‍ക്കാറിനെതിരായ വികാരം അടിത്തട്ടില്‍ ശക്തമാണെന്നും ഏഴ് മന്ത്രിമാര്‍ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സ്വര്‍ണക്കടത്ത് വലിയ ചര്‍ച്ചയായിട്ടില്ല. എന്നാല്‍, പിന്‍വാതില്‍ നിയമനവും ഉദ്യോഗാർഥികളുടെ സമരവും ശബരിമല വിശ്വാസികളുടെ വികാരവും ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കാനുള്ള ശ്രമവും സര്‍ക്കാറിന് കനത്ത തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍.
നാല് ജില്ലകളില്‍ യു.ഡി.എഫിന് സമ്പൂര്‍ണ വിജയം ഉണ്ടാവും. എന്നാല്‍, ഏതെല്ലാം ജില്ലകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. തീരദേശ മേഖലയിലും യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കും. മധ്യകേരളത്തില്‍ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സി.പി.എമ്മിനുള്ളില്‍ നിന്ന് യു.ഡി.എഫിന് അനുകൂലമായ് അടിയൊഴുക്കുണ്ടാവാനുള്ള സാധ്യതയും ഐ.ബി വിലയിരുത്തുന്നതായും വീക്ഷണം പറയുന്നു.
2001ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് നൂറ് സീറ്റിന്‍റെ തിളക്കമാർന്ന വിജയം മുമ്പ് നേടിയിട്ടുള്ളത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലത്തിലും യു.ഡി.എഫ് ആധിപത്യം നേടുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. ഫലം വന്നപ്പോള്‍ 19 സീറ്റില്‍ യു.ഡി.എഫ് വിജയിച്ചിരുന്നു. കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ബി മാർച്ച് ഏഴിന് മറ്റൊരു റിപ്പോർട്ടും സമർപ്പിച്ചിരുന്നതായും വീക്ഷണം ദിനപത്രം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.