ഇടതുമനസ്സ് തെളിയിച്ച് മധ്യകേരളം
text_fieldsതൊടുപുഴ: കേരളത്തിെൻറ വടക്കും തെക്കും ആഞ്ഞടിച്ച ഇടതുതരംഗത്തിെൻറ പരിഛേദമാണ് മധ്യകേരളത്തിലും കണ്ടത്. തൃശൂരിലെ 13ൽ 12ഉം എറണാകുളത്ത് 14ൽ അഞ്ചും ഇടുക്കിയിൽ അഞ്ചിൽ നാലും കോട്ടയത്തെ ഒമ്പതിൽ അഞ്ചും നേടി മധ്യകേരളത്തിൽ വ്യക്തമായ മുന്നേറ്റം എൽ.ഡി.എഫ് കാഴ്ചവെച്ചു. യു.ഡി.എഫിന് ഉറച്ച സ്വാധീനമുള്ള കോട്ടയം, ഇടുക്കി ജില്ലകളിൽ വരെ എൽ.ഡി.എഫ് നേട്ടം കൊയ്തു. മധ്യകേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എൻ.ഡി.എക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
തൃശൂരിലെ 13ഉം എറണാകുളത്തെ 14ഉം കോട്ടയത്തെ ഒമ്പതും ഇടുക്കിയിലെ അഞ്ചും ഉൾപ്പെടെ 41 നിയമസഭ മണ്ഡലങ്ങളാണ് മധ്യകേരളത്തിെൻറ പരിധിയിൽ. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റെണ്ണത്തിൽ ഇരു മുന്നണികൾക്കും കാര്യമായ ഏറ്റക്കുറച്ചിൽ ഉണ്ടായിട്ടില്ല. എന്നാൽ, വോട്ട് വിഹിതത്തിൽ എൽ.ഡി.എഫിന് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യ കേരളത്തിലെ 41 സീറ്റിൽ 24 എണ്ണം എൽ.ഡി.എഫും 16 എണ്ണം യു.ഡി.എഫും ഒരെണ്ണം ജനപക്ഷവും സ്വന്തമാക്കി. ഇത്തവണ 26 എണ്ണം എൽ.ഡി.എഫിനും 15 എണ്ണം യു.ഡി.എഫിനുമാണ്.
2016ൽ എറണാകുളത്ത് യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് അഞ്ചും സീറ്റാണ് ലഭിച്ചത്. ഇത്തവണയും ഈ കണക്കിൽ മാറ്റമില്ല. പക്ഷേ, തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും എൽ.ഡി.എഫിനും കളമശ്ശേരിയും കുന്നത്തുനാടും യു.ഡി.എഫിനും നഷ്ടമായി. ട്വൻറി20 യുടെ സ്വാധീനമാണ് കുന്നത്തുനാട്ടിലും കൊച്ചിയിലും ജനവിധി എൽ.ഡി.എഫിന് അനുകൂലമാക്കിയത്. ലീഗിലെ പടലപ്പിണക്കങ്ങളും വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും കളമശ്ശേരിയിൽ പാർട്ടിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധന കരാറടക്കം ചർച്ചയായ കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ ഈ വിഷയങ്ങൾ പക്ഷേ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചില്ല. തൃപ്പൂണിത്തുറയിൽ സ്വാധീനമുള്ള ബി.ജെ.പിയുടെ വോട്ടിൽ ഒരുഭാഗം കെ. ബാബുവിന് ലഭിച്ചതാണ് നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് വിജയമൊരുക്കിയത്.
യു.ഡി.എഫിന് ആധിപത്യമുള്ള കോട്ടയത്ത് ജോസ് കെ. മാണിയുടെ പിന്തുണയോടെ യു.ഡി.എഫ് കോട്ടകളിലടക്കം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം എൽ.ഡി.എഫിന് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അത് അസ്ഥാനത്തായില്ലെന്നും നിയമസഭ ഫലം തെളിയിച്ചു. എൽ.ഡി.എഫ് സീറ്റെണ്ണം രണ്ടിൽനിന്ന് അഞ്ചായി വർധിപ്പിച്ചു. വൈക്കവും ഏറ്റുമാനൂരും നിലനിർത്തിയ എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും യു.ഡി.എഫിൽനിന്നും പൂഞ്ഞാർ ജനപക്ഷത്തിൽനിന്നും പിടിച്ചെടുത്തു. കഴിഞ്ഞതവണ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ 27,092 വോട്ടിെൻറ ഭൂരിപക്ഷം ഇത്തവണ 8504 വോട്ടായി കുറഞ്ഞത് യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു.
സഭാതർക്കത്തിൽ ഉമ്മൻ ചാണ്ടി സ്വീകരിച്ച നിലപാട് യാക്കോബായ വിഭാഗത്തിലുണ്ടാക്കിയ അതൃപ്തിയാണ് ഉമ്മൻ ചാണ്ടിക്ക് വോട്ട് കുറച്ചത്. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ഭൂരിപക്ഷം 33,632ൽ നിന്ന് 17,200ആയി കുറഞ്ഞു. അധികാരത്തിലെത്തുന്ന എൽ.ഡി.എഫ് മന്ത്രിസഭയിൽ അംഗമാകേണ്ട ജോസ് കെ. മാണിയുടെ പരാജയത്തിന് രാഷ്ട്രീയ കാരണങ്ങളേറെയാണ്. മാണി സി. കാപ്പനിൽനിന്ന് സീറ്റ് പിടിച്ചുവാങ്ങി എന്തിെൻറ പേരിലായാലും ജോസ് കെ. മാണിക്ക് കൊടുത്തത് കെ.എം. മാണിയെ ഓർത്തുപോലും പൊറുത്തുകൊടുക്കാൻ േവാട്ടർമാർ തയാറായില്ലെന്ന് വേണം കരുതാൻ.
യാക്കോബായ സഭയുടെ നിലപാട് ജില്ലയിൽ എൽ.ഡി.എഫിന് സഹായകമായെങ്കിൽ എൻ.എസ്.എസ് നിലപാട് ചങ്ങനാശ്ശേരിയിലടക്കം യു.ഡി.എഫിനെ തുണച്ചില്ല. ഏറ്റുമാനൂരിൽ ലതിക സുഭാഷിെൻറ സ്ഥാനാർഥിത്വം യു.ഡി.എഫ് സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.
തൃശൂരിൽ മുന്നണികളുടെ കക്ഷിനിലയിൽ ഇത്തവണയും മാറ്റമില്ല; എൽ.ഡി.എഫ് 12, യു.ഡി.എഫ് ഒന്ന്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ ചാലക്കുടി എൽ.ഡി.എഫിന് നഷ്ടമായപ്പോൾ വടക്കാേഞ്ചരി അവർ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. മത്സരിച്ച ഏഴിൽ അഞ്ച് സീറ്റിലും സി.പി.ഐ വിജയിച്ചു. തൃശൂരിൽ ഒഴികെ 11സീറ്റിലും കനത്ത ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് വിജയം. അവസാനം മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ്ഗോപി ശക്തമായ വെല്ലുവിളി ഉയർത്തി. കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുടെ സ്ഥാനാർഥികളും പരാജയപ്പെട്ടു.
സാമുദായികമായി എല്ലാ വിഭാഗങ്ങളും ഇടതുമുന്നണിക്കൊപ്പം നിന്നെന്ന് ഒല്ലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ ജയം വ്യക്തമാക്കുന്നു.
ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഇടുക്കി കൂടി പിടിച്ചെടുത്തതോടെ യു.ഡി.എഫ് വിജയം തൊടുപുഴയിൽ മാത്രമായി ഒതുങ്ങി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പീരുമേട്ടിൽ എൽ.ഡി.എഫിലെ വാഴൂർ സോമെൻറ അവസാന നിമിഷത്തെ അട്ടിമറി വിജയവും ഒരു തവണ ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും തങ്ങൾക്കൊപ്പം നിന്ന ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിെൻറ പരാജയവും യു.ഡി.എഫിന് ആഘാതമായി. കഴിഞ്ഞതവണ സംസ്ഥനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 45,587 വോട്ട് നേടിയ പി.ജെ. ജോസഫിേൻറത് ഇത്തവണ 20,251 വോട്ടായി കുറഞ്ഞു.
ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നിവ കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ നിലനിർത്താനായതും ഇടുക്കി പിടിച്ചെടുക്കാനായതും എൽ.ഡി.എഫിന് അഭിമാനിക്കാൻ വക നൽകുന്നു. കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ ഇടുക്കിയിൽ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും വിവിധ സമുദായങ്ങളുടെ പിന്തുണയും റോഷിയുടെ തുടർച്ചയായ അഞ്ചാം വിജയത്തിന് സഹായിച്ചു. 38,000ൽഅധികം വോട്ടിെൻറ റെക്കോഡ് ഭൂരിപക്ഷത്തിൽ ഉടുമ്പഞ്ചോലയിൽ വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിജയവും എടുത്തുപറയേണ്ടതാണ്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൻ.ഡി.എക്ക് വോട്ട് കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.