കെ. സുരേന്ദ്രന്‍റെ പദയാത്രക്ക് തടയിട്ട് കേന്ദ്ര നേതൃത്വം
text_fieldsതിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ സംസ്ഥാനതല പദയാത്ര അനിശ്ചിതത്വത്തിലായി.പാർട്ടിയെ ശക്തിപ്പെടുത്തിയിട്ട് മതി യാത്രയെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തതോടെയാണിത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസർക്കാറിന്‍റെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വിശദീകരിക്കൽ, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ തെറ്റായ നയങ്ങൾ ജനങ്ങളിലെത്തിക്കൽ എന്നിവയാണ് യാത്ര ലക്ഷ്യങ്ങളായി സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരുന്നത്.
പാർട്ടിയുടെ ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയശേഷം മാത്രം യാത്രമതിയെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്. 20 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജനകീയ പ്രതിരോധ യാത്രക്ക് പിന്നാലെ ഏപ്രില്‍ അവസാനമോ മേയിലോ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ കേരള പര്യടനം നടത്താനായിരുന്നു ആലോചന.
ഫെബ്രുവരിയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കത്ത് നല്‍കിയിരുന്നു. എന്നാൽ, ദേശീയതലത്തില്‍ യാത്രകള്‍ തീരുമാനിക്കുമെന്ന പ്രതികരണമാണ് ലഭിച്ചത്.
കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് പൂർണ തൃപ്തിയില്ല. ശനിയാഴ്ച തൃശൂരെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ പാർട്ടി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയേക്കും. ഇതുവരെയുള്ള പ്രവർത്തനത്തിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിക്കുകയാണെങ്കിൽ പദയാത്ര നടക്കും. അല്ലാത്തപക്ഷം യാത്ര ഉടൻ ഉണ്ടാവില്ലെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.