സെൻട്രൽ ലൈബ്രറി: ബ്രിട്ടനിൽനിന്ന് 1900 ൽ ഇറക്കുമതിചെയ്ത ഗുണനിലവാരമുള്ള ഫർണിച്ചറുകൾ എവിടെ?
text_fieldsതിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ അടിമുടി ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെന്ന് ധനകാര്യ റിപ്പോർട്ട്. 1900 ൽ ബ്രിട്ടനിൽനിന്ന് ഇറക്കുമതിചെയ്ത ഗുണനിലവാരമുള്ള ഫർണിച്ചറുകൾ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ മഴ നനയുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പുരാവസ്തു- പാരമ്പര്യ മൂല്യമുള്ള ഫർണിച്ചറുകൾ സംരക്ഷിക്കുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റി.
സ്റ്റോക്ക് രജിസ്റ്ററിൽ ചട്ടപ്രകാരം പരിപാലിക്കാത്തത് ലൈബ്രറി അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ്. സെൻട്രൽ ലൈബ്രറിയിലെ ഫർണിച്ചറുകൾ/ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് ഭൗതിക പരിശോധന നടത്തി സ്റ്റോക്ക് രജിസ്റ്ററുകളിൽ ഉൾപ്പെടുത്തുകയും രജിസ്റ്റർ ചട്ടപ്രകാരം പരിപാലിച്ചുപോകുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണെന്ന കർശന നിർദേശം ലൈബ്രറി അധികൃതർക്ക് ഭരണവകുപ്പ് നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ധനകാര്യ പരിശോധന വിഭാഗം ലൈബ്രറിയിൽ നടത്തിയ പരിശോധനയിൽ ഉപയോഗമുള്ളതും ഉപയോഗശൂന്യവുമായ ഫർണിച്ചറുകൾ കാന്റിന്റെ വശങ്ങളിലും (താല്കാലിക ഷേഡിൽ ജീർച്ച അവസ്ഥയിൽ) ആഡിറ്റോറിയം കെട്ടിടത്തിലുമായി കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തി. പുരാവസ്തു- പാരമ്പര്യ മൂല്യമുള്ള ഫർണിച്ചറുകൾ ഇതിലുണ്ടോയെന്ന പരിശോധനയോ കണക്കെടുപ്പോ ലൈബ്രറി അധികൃതർ നടത്തിയിട്ടില്ല. ഇത്രയും ഫർണിച്ചറുകൾ (ഉപയോഗ യോഗ്യമായതും കേടുപാടുകൾ സംഭവിച്ചതും) ലൈബ്രറിയിൽ ഉണ്ടെന്നും അതിൽ എന്ത് നടപടികൾ കൈക്കൊള്ളണമെന്ന വിഷയത്തിൽ തീരുമാനമെടുക്കാനായി ഇതേപ്പറ്റി ഭരണ വകുപ്പിനെ അറിയിക്കുകയോ കത്തിടപാടുകൾ നടത്തുകയോ ചെയ്തിട്ടില്ല. ഇത് ലൈബ്രറി അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണ്.
കാലപ്പഴക്കത്താൽ തികച്ചും ഉപയോഗശൂന്യമായ ഫർണിച്ചറാണ് കാൻറീന്റെ സമീപത്ത് ലൈബ്രറി ആഡിറ്റോറിയത്തിന്റെ ഒരു ഭാഗത്തായി സൂക്ഷിച്ചിട്ടുള്ളതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഫർണിച്ചറുകൾ സൂക്ഷിക്കുന്നതിന് ലൈബ്രറിയിൽ പല പരിമിതിയുള്ളതിനാലാണ് ഈ വിധത്തിൽ സൂക്ഷിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഉപയോഗശൂന്യമായ ഫർണിച്ചറുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുപയോഗിക്കുന്നതിന് സിസ്കോ വുഡ് വർക്കിങ് യൂനിറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ ഫർണിച്ചറുകൾ പുനരുപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ കാലപ്പഴക്കം ചെന്നതാണെന്ന് അറിയിച്ചുവെന്നും ലൈബ്രറി അധികൃതർ മറുപടി നൽകി.
അതേസമയം ലൈബ്രറി അധികൃതർ എഴുതിയ കത്ത് ഇതിന് വിരുദ്ധമാണ്. 1900 ൽ ഇന്നത്തെ മന്ദിരത്തിലേക്ക് തിരുവനന്തപുരം പബ്ലിക് ലൈബ്രറി മാറിയപ്പോൾ ആവശ്യമായ ഷെൽഫുകളും മറ്റു ഫർണിച്ചറുകളും ബ്രിട്ടനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തവയാണ്. ഈ ഫർണിച്ചറുകൾ ഒരു നൂറ്റാണ്ടിനിപ്പുറവും ലൈബ്രറിയിൽ പഴയ പ്രൗഢിയോടും ഗുണനിലവാരത്തോടും സ്ഥിതി ചെയ്യുന്നുണ്ടെന്ന് കറുപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിൽ മൂല്യവത്തായ ഫർണിച്ചറുകൾ നീക്കം ചെയ്തിട്ടുണ്ടോയെന്ന പരിശോധനയോ കണക്കെടുപ്പോ ലൈബ്രറി അധികൃതർ നടത്തിയിട്ടില്ല. ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ലേലം ചെയ്യുന്നതിനായി ഈ ഫർണിച്ചറുകളുടെയും അനുബന്ധ ഉപകരങ്ങളുടെയും വില നിശ്ചയിച്ച് തരുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ലൈബ്രറി അധികൃതർ കത്ത് നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടായില്ല.
പഴക്കം ചെന്ന ഫർണിച്ചറുകൾ പലതും ഭൗതിക പരിശോധനയിൽ ഉപയോഗ യോഗ്യമാക്കാവുന്നതാണെന്ന് ധനകാര്യ പരിശോധന ഭാഗത്തിന് ബോധ്യമായി. 2018 മുതൽ കെട്ടിക്കിടക്കുന്ന ഫർണിച്ചറുകളുടെ വില നിശ്ചയിച്ച് നൽകാനുള്ള ശ്രമങ്ങൾ ലൈബ്രറി അധികൃത തുടർന്നുള്ള വർഷങ്ങളിൽ നടത്തിയിട്ടില്ല. കാൻറീൻ പരിസരത്ത് മഴയും വെയിലുമേറ്റ് സുരക്ഷിതമല്ലാത്ത രീതിയിൽ അശ്രദ്ധമായി ഫർണിച്ചർ ഉരുപ്പടികൾ കൂട്ടിയിട്ടതും ആഡിറ്റോറിയം കെട്ടിടത്തിലെ മുറികളിൽ അലക്ഷ്യമായി ഇട്ടതും കാരണം ഫർണിച്ചറുകൾ കേടുപാട് സംഭവിക്കാനും ഉപയോഗശൂന്യമാകാനുമുള്ള സാധ്യത കൂടി.
അതിലുപരി ഇത്രയും ഫർണിച്ചറുകൾ ( ഉപയോഗ യോഗ്യമായതും കേടുപാടുകൾ സംഭവിച്ചതും) ലൈബ്രറിയിൽ ഉണ്ടെന്നും അതിന് എന്ത് നടപടി കൈക്കൊള്ളണമെന്ന വിഷയത്തിൽ തീരുമാനമെടുക്കാനായി ഇതേപ്പറ്റി ഭരണ വകുപ്പിനെ അറിയിക്കുകയോ കത്തിടപാടുകൾ നടത്തുകയോ ചെയ്യാത്തത് ലൈബ്രറി അധികൃതരുടെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണ്.
പുരാവസ്തു പാരമ്പര്യ മൂല്യമുള്ള ഫർണിച്ചറുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഭൗതിക പരിശോധന നടത്തി കണക്കുകൾ സംബന്ധിച്ചറുകൾ ഉൾപ്പെടുത്തുകയും അത് ശരിയായി പരിപാലിക്കുന്നതെന്ന് ഉറപ്പു വരുത്തണം എന്ന് ഭരണ വകുപ്പ് നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ലൈബ്രറിയിൽ ചട്ടപ്രകാരമുള്ള സ്റ്റോക്ക് രജിസ്റ്റർ തയാറാക്കി രേഖപ്പെടുത്തലുകളോടെ സൂക്ഷിച്ചിട്ടില്ല. ലൈബ്രറിയിൽ നടത്തുന്ന പർച്ചേസുകൾ എന്തുതന്നെയായാലും (ഫർണിച്ചർ/മറ്റ് ഉപകരണങ്ങൾ/സ്റ്റേഷനറി മുതലായവ) അത് ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതല്ലാതെ അത് ലൈബ്രറിയിൽ എത് വിഭാഗത്തിന്/ആർക്ക് നല്കി, എന്തിന് ഉപയോഗിച്ചു എന്നതിനെ പറ്റി വിവരമില്ല.
ഉപയോഗത്തിനുശേഷം എത്ര മിച്ചം ഉണ്ടെന്നോ/കേടുപാടുകൾ സംഭവിച്ചുവെന്നോ ലൈബ്രറിയിലെ ഉപകരണങ്ങൾക്കും/ഫർണിച്ചറുകൾക്കും നമ്പർ നൽകി അവയുടെ മൂല്യം കണക്കാക്കുന്നതിനോ ഉപയോഗശൂന്യമായത് എത്ര എന്നതിനെ പറ്റിയോ രേഖകളില്ല.
മിനി ഹാളിലേക്ക് വാങ്ങിയ ഫർണിച്ചറുകൾ മാത്രമല്ല യാതൊന്നും തന്നെ സ്റ്റോക്ക് രജിസ്റ്ററിൽ ചട്ടപ്രകാരം രേഖപ്പെടുത്തിയിട്ടില്ല. സ്റ്റോക്ക് രജിസ്റ്റർ ശരിയായി പരിപാലിക്കാത്തതിനാൽ ലൈബ്രറിയിൽ നിന്നും പല സാധനങ്ങളും അനുമതിയില്ലാതെ പുറത്തേക്ക് കടത്തുന്നുവെന്ന പരാതിക്കാരൻറെ ആരോപണം തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.