ദുരന്തനിവാരണത്തിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മറ്റുള്ളവർക്ക് മുൻകൂർ ഗ്രാന്റ്, കേരളത്തിന് തിരിച്ചടവ്
text_fieldsതിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങൾക്ക് ദുരന്ത പ്രതികരണ നിധിയിൽനിന്ന് മുൻകൂർ ഗ്രാന്റ് അനുവദിച്ച കീഴ്വഴക്കമുള്ളപ്പോഴാണ് ഗ്രാന്റ് പോലും നൽകാതെ അപ്രായോഗിക ഉപാധികളോടെ വയനാടിനുള്ള കേന്ദ്രവായ്പ.
ഇതാകട്ടെ ദുരന്ത നിവാരണത്തിനുള്ള വകയിരുത്തലോ വായ്പയോ അല്ല. കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളിലെ പ്രത്യേക മൂലധന നിക്ഷേപങ്ങൾക്കായുള്ള വകയിരുത്തലിൽ ഉൾപ്പെടുത്തിയാണ് 530 കോടി വായ്പ.
ഇത് ദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള വായ്പയല്ല. സംസ്ഥാനങ്ങൾക്കുള്ള ‘വായ്പയും മുൻകൂറും’ എന്ന കണക്കു ശീർഷകത്തിലാണ് പണം അനുവദിച്ചത്. കേരളം ചില പൊതു പദ്ധതികൾക്കായി മൂലധന വായ്പ നേരെത്ത ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്തിരുന്നു.
ആന്ധ്രക്കും ബിഹാറിനും ഛത്തിസ്ഘട്ടിനും തെലങ്കാനക്കും ഉത്തരാഖണ്ഡിനും തമിഴ്നാടിനും സമീപകാലത്ത് ദുരന്തപ്രതികരണ നിധിയിൽനിന്ന് മുൻകൂർ ഗ്രാന്റ് നൽകിയത് പശ്ചാത്തലത്തിലാണിത്.
ആന്ധ്രക്ക് 3500 കോടിയും തെലങ്കാനക്ക് 3400 കോടിയും തമിഴ്നാടിന് 1900 കോടിയുമാണ് അനുവദിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം രക്ഷാദൗത്യത്തിനും പുനരധിവാസത്തിനുമായി ദുരന്തപ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അധിക സാമ്പത്തിക സഹായം കേരളം ആവശ്യപ്പെട്ടിരുന്നു. 250ഓളം കോടി രൂപയായിരുന്നു ഇത്. എന്നാൽ പതിവ് വാർഷിക വിഹിതത്തിന് പുറമേ കേന്ദ്രം തന്നെ അതിതീവ്രദുരന്തമായി പ്രഖ്യാപിച്ച വയനാടിനായി ഒരു രൂപപോലും അധികമായി നൽകിയില്ല.
ദുരന്തത്തിനുശേഷം കൃത്യമായ പഠനം നടത്തി തയാറാക്കിയ പുനരധിവാസ ചെലവുകളായിരുന്നു കേരളം മുന്നോട്ടുവെച്ച രണ്ടാമത്തെ ആവശ്യം.
പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പി.ഡി.എൻ.എ) പ്രകാരം വയനാടിന്റെ പുനർനിർമാണത്തിനും രണ്ട് ടൗൺഷിപ്പുകളുടെ നിർമാണത്തിനുമായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് 2000 കോടിയുടെ സഹായം ആവശ്യപ്പെട്ടത്. ഇതിന് നേരെയും പതിവ് പോലെ മുഖം തിരിച്ച ശേഷമാണ് വായ്പ പ്രഖ്യാപനം.
അതേ സമയം തുക ചെലവഴിക്കാൻ ഒന്നരമാസത്തെ സമയപരിധി നിശ്ചയിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാറിനെ സമ്മർദത്തിലാക്കലാണ് ലക്ഷ്യം. ഫലത്തിൽ, പണം അനുവദിച്ചെന്നും അതേസമയം സംസ്ഥാനത്തിന്റെ പിടിപ്പുകേടുമൂലം നഷ്ടപ്പെടുത്തിയെന്നും വരുത്തിത്തീർക്കാനാണ് കേന്ദ്ര ശ്രമം.
വായ്പ എഴുതിത്തള്ളലിൽ മൗനം
ദുരന്തനിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ഉരുൾ ദുരന്തത്തിലെ ഇരകളുടെ വായ്പകൾ എഴുതിത്തള്ളണമെന്നായിരുന്നു മറ്റൊരു ആവശ്യം. മൂവായിരത്തോളം വായ്പകളിലായി 35.32 കോടിയുടെ കടം ദുരന്തബാധിതർക്കുള്ളതായാണ് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്ടെത്തിയത്.
12 ബാങ്കുകളിലാണ് ഈ വായ്പകൾ. ഇതില് 2460 പേർ കാർഷിക വായ്പയെടുത്തവരാണ്. 19.81 കോടിയാണ് ഈ ഇനത്തിലെ കടം. 245 ചെറുകിട സംരംഭകർ എടുത്ത 3.4 കോടിയുടെ വായ്പയാണ് രണ്ടാമത്തേത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.