വയനാട് ദുരന്തത്തിന്റെ ഇരകളോട് കേന്ദ്ര അവഗണന; ആളിക്കത്തി രോഷം
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ ഇരകളോട് കേന്ദ്രസർക്കാർ അവഗണനയിലും ദുരിതസഹായ നിധിയുടെ കാര്യത്തിൽ കേരളത്തോടുള്ള പക്ഷപാതിത്വത്തിലും രോഷം ആളിക്കത്തുന്നു.
രാജ്യത്തിന്റെ ഭാഗമാണ് കേരളമെന്ന കാര്യം കേന്ദ്രത്തിലുള്ളവർ മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചപ്പോൾ കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പണം നല്കാതിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ തനിനിറമാണ് തുറന്നു കാട്ടപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. വയനാട് ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ പ്രതിഷേധിക്കാനാണ് യു.ഡി.എഫ് എം.പിമാരുടെ തീരുമാനം.
നവംബർ 19 ന് വയനാട്ടിൽ യു.ഡി.എഫിന് പിന്നാലെ എൽ.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. ഇതോടെ ദുരന്തമുണ്ടായി മൂന്ന് മാസം പിന്നിടുമ്പോഴും ഇരകളോട് മാനുഷിക സമീപനം പോലും പുലർത്താത്ത കേന്ദ്ര നിലപാട് ജനകീയ വിചാരണക്ക് കൂടിയാണ് വിധേയമാവുക. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി കഴിഞ്ഞ ദിവസമാണ് അറിയിപ്പ് ലഭിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടിലൂടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് അന്തരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും സംരംഭങ്ങളിൽ നിന്നും ഒപ്പം ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നു പോലുമുള്ള സഹായങ്ങൾക്കാണ് പ്രതിബന്ധമാകുന്നത്.
എസ്.ഡി.ആർ.എഫിൽ അനുവദിച്ച തുകയുടെ പേരിലാണ് കേന്ദ്രസഹായം നൽകിയെന്ന പ്രചാരം ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്നത്. വയനാടിന്റെ പുനരധിവാസത്തിനു വേണ്ടത് എസ്.ഡി.ആര്.എഫ് അല്ല, പ്രത്യേക സാമ്പത്തിക പിന്തുണയാണ് എന്നത് നേരത്തെ തന്നെ സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരാഖണ്ഡ്, അസാം, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിൽ സ്പെഷല്‍ ഫിനാന്‍ഷ്യല്‍ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയകാലത്ത് കേരളത്തിന് ഇത്തരത്തില്‍ കുറച്ച് പണം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.