സഹകരണ ബാങ്കുകൾക്ക് ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്രാനുമതി
text_fieldsമലപ്പുറം: സർവിസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ (പ്രൈമറി അഗ്രികൾചർ ക്രെഡിറ്റ് സൊസൈറ്റീസ്) നിയന്ത്രണം പിടിച്ചെടുക്കാൻ മോഹന വാഗ്ദാനങ്ങളുമായി കേന്ദ്ര സർക്കാർ. ഈ വർഷം പ്രാഥമിക സംഘങ്ങൾക്ക് കീഴിൽ 2000 ജന്‍ ഔഷധികേന്ദ്രങ്ങള്‍ തുറക്കാൻ കേന്ദ്ര സഹകരണ മന്ത്രാലയം അനുമതി നൽകി.
സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ (ബ്രാൻഡ് നാമം ഇല്ലാത്തവ) നല്‍കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രാധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന. ഫാർമസ്യൂട്ടിക്കൽ ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യക്ക് (പി.എം.ബി.ഐ) കീഴിലാണ് ജൻ ഔഷധി പ്രവർത്തനം.
1800 മരുന്നുകളും 285 സർജിക്കൽ ഉപകരണങ്ങളും 50 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ഇതിൽ ലഭ്യമാണ്. രാജ്യമാകെ 9400 ജൻ ഔഷധി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വ്യക്തിഗത സംരംഭകർക്കും എൻ.ജി.ഒകൾക്കും സർക്കാർ നോമിനേറ്റഡ് ഏജൻസികൾക്കും മറ്റുമാണ് നിലവിൽ ജൻ ഔഷധി തുടങ്ങാൻ അനുമതിയുള്ളത്.
ഈ പട്ടികയിൽ സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തും. ചെറുകിട കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, സംഘങ്ങളുടെ പ്രവർത്തനം കാർഷികേതര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ് കേന്ദ്രസർക്കാർ തീരുമാനം.
മൾട്ടി സ്റ്റേറ്റ് കോഓപറേറ്റിവ് സൊസൈറ്റികൾക്ക് ഉൾപ്പെടെ ജൻ ഔഷധി തുടങ്ങാനാവും. ഏതെല്ലാം സംഘങ്ങള്‍ക്കാണ് കേന്ദ്രം തുറക്കാന്‍ അനുമതി നല്‍കേണ്ടത് എന്ന് ഉടൻ തീരുമാനിക്കും. പ്രാഥമിക സംഘങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ വാദം.
ഗ്രാമീണ ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്ന് കിട്ടാൻ ഇതു സഹായിക്കുമെന്നും കേന്ദ്രം പറയുന്നു. വായ്പ നല്‍കുന്നതിന് പുറമേ, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സഹകരണ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, ക്ലിനിക്കല്‍ ലബോറട്ടറി, ആംബുലന്‍സ് സര്‍വിസ്, ടൂറിസം, പരിസ്ഥിതി സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. കേരളമടക്കം സംസ്ഥാനങ്ങളിൽ ബി.ജെ.പി ഇതര പാർട്ടികളുടെ നട്ടെല്ലാണ് പ്രാഥമിക സംഘങ്ങൾ. ഇവക്ക് നിർലോഭം ഫണ്ട് നൽകി കേന്ദ്ര സർക്കാർ താൽപര്യങ്ങൾ താഴെത്തട്ടിൽ നടപ്പാക്കാനാണ് സഹകരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. കൂടുതൽ മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് രജിസ്ട്രേഷൻ നൽകാനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.