കേന്ദ്ര നിലപാട് ഗുരുനിന്ദ, തീരുമാനത്തിന് പിന്നിൽ സവർണ താൽപര്യം -വെള്ളാപ്പള്ളി നടേശൻ
text_fieldsറിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചദൃശ്യത്തിൽനിന്ന് ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കാൻ നിർദേശിച്ച പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹവും സവർണ താൽപര്യം മുൻ നിർത്തിയുള്ളതും ആണെന്ന് വെള്ളാപ്പള്ളി 'മാധ്യമം ഓൺലൈ'നോട് പറഞ്ഞു.
ഗുരുദേവന് പകരം ശ്രീശങ്കരന്റെ പ്രതിമ മതിയെന്ന് നിർദ്ദേശിച്ച പ്രതിരോധമന്ത്രാലത്തിന്റെ കീഴിൽ ഫ്ളോട്ടുകൾ വിലയിരുത്തിയ ജൂറിയുടെ നടപടി അത്യന്തം അപലപനീയവും കേന്ദ്രസർക്കാരിന് നാണക്കേടുമാണ്. കൊടിയ ജാതി പീഡനങ്ങളിലും അനാചാരങ്ങളിലും നിന്ന് ഒരു ജനതയെ വിമുക്തമാക്കിയ രാജ്യത്തെ നവോത്ഥാന നായകരിൽ പ്രമുഖനായ ശ്രീനാരായണഗുരുവിനെ സാമൂഹ്യബോധമില്ലാത്ത ഈ ഉദ്യോഗസ്ഥർ അവഹേളിച്ചു. ഇത് പൊറുക്കാനാവാത്ത തെറ്റാണ്.
വർത്തമാനകാലഘട്ടത്തിൽ ഗുരുദേവന്റെയും ഗുരുദർശനത്തിന്റെയും പ്രസക്തി തിരിച്ചറിഞ്ഞ് പാർലമെന്റ് തന്നെ ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമ്പോഴാണ് ജൂറിയുടെ നിഷേധാത്മകമായ നടപടി. കേരളജനസംഖ്യയുടെ പകുതിയോളംവരുന്ന പിന്നാക്ക ജനസമൂഹം ഗുരുദേവനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണ്. ആദ്ധ്യാത്മികരംഗത്ത് ശങ്കരാചാര്യരുടെ മഹത്വം കുറച്ചുകാണുന്നില്ല. അദ്ദേഹത്തിന്റെ ജന്മദേശമായ കാലടിയിൽപ്പോലും ഉചിതമായ സ്മാരകമില്ല. രാജ്യത്തെ ബ്രാഹ്മണരും അല്ലാത്തവരുമായ സവർണ്ണ സമുദായങ്ങളാണ് ശങ്കരാചാര്യരുടെ ഇപ്പോഴത്തെ പ്രയോക്താക്കൾ.
ഇവരുടെ താത്പര്യത്തിന് വേണ്ടിയാകും ശ്രീനാരായണഗുരുവിന്റെ പ്രതിമ മാറ്റണമെന്ന നിർദേശമുണ്ടായത്. സംസ്ഥാനത്തെ അവഹേളിക്കുന്ന നിലപാടായിപ്പോയി. ഇക്കാര്യം കേന്ദ്രസർക്കാർ ഗൗരവത്തോടെ കാണണം. സംസ്ഥാന സർക്കാരും പ്രതിഷേധമറിയിക്കണം. യോഗം ഇരുസർക്കാരുകൾക്കും പരാതി സമർപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവന്റെ നിശ്ചല ദൃശ്യത്തിന് നിലവാരം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. അത് സംബന്ധിച്ച ചോദ്യത്തിന് വെള്ളാപ്പള്ളി മറുപടി പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.