കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍: ചർച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് കെ.എൻ. ബാലഗോപാൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും കേരളം ചർച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകൾക്കും സമ്മേളനം വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളിൽ ഉണ്ടായ അസമത്വം കാരണം ചില സംസ്ഥാനങ്ങൾ ഗുരുതരമായ വിഭവ പരിമിതി നേരിടുന്നു. സംസ്ഥാന ധന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12ന് തിരുവനന്തപുരത്താണ് ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്‌നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ധന മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധന മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ് കാര്യ മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധന മന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സംസാരിക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഉച്ചക്കുശേഷം നടക്കുന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ, കേരള സംസ്ഥാന ആസൂത്രണ കമീഷൻ വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, മുൻ ധന മന്ത്രി ടി.എം. തോമസ് ഐസക്, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖരൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, നാലാം ധന കമ്മീഷൻ ചെയർമാൻ ഡോ. എം.എ. ഉമ്മൻ, പന്ത്രണ്ടാം ധനകാര്യ കമ്മീഷൻ അംഗം ഡോ. ഡി.കെ. ശ്രീവാസ്‌തവ, സാമ്പത്തിക വിദഗ്‌ധൻമാരായ ഡോ. പ്രഭാത് പട്‌നായിക്,
പതിനാറാം ധനകാര്യ കമ്മീഷനുമുമ്പാകെ കേരളം സമർപ്പിക്കുന്ന നിവേദനത്തിന്റെ കരട് തയ്യാറാക്കാനായി നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ഡോ. സി.പി. ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്, ഡോ. സുശീൽ ഖന്ന, ഡോ. എം. ഗോവിന്ദ റാവു, ഡോ. പിനാകി ചക്രവർത്തി, പ്രെഫ. കെ. എൻ. ഹരിലാൽ, റിട്ട. ഐ.ആർ.എസ് ഉദ്യോഗസ്ഥൻ ആർ. മോഹൻ, സി.ഡി.എസ് ഡയറക്ടർ ഡോ. സി.വി. വീരമണി, ഗിഫ്‌റ്റ് ഡയറക്ടർ ഡോ. കെ. ജെ ജോസഫ്, എൻ.ഐ.പി.എഫ്.പിയിലെ പ്രെഫ. ലേഖ ചക്രബർത്തി, കേരള കാർഷിക സർവകലാശാലയിലെ മുൻ പ്രെഫ. ഡോ. പി.ഷഹീന, കൊച്ചി സെന്റർ ഫോർ സോഷ്യോ-ഏക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്‌റ്റഡീസിലെ കെ.കെ. കൃഷ്‌ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.