കേന്ദ്ര സർവകലാശാല ലൈംഗികാതിക്രമം: നന്നായി പെരുമാറാൻ ഉപദേശം, അധ്യാപകനെ തിരിച്ചെടുത്തു
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെ തിരിച്ചെടുത്തു. ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.സി.സി) അന്വേഷിച്ചശേഷം അധ്യാപകനോട് നന്നായി പെരുമാറണമെന്ന് ഉപദേശിച്ചുകൊണ്ടാണ് നടപടി. പരാതി നൽകിയ 34 വിദ്യാർഥിനികൾ അന്വേഷണ സമയത്ത് നൽകിയ മൊഴികളിൽ നേരിയ വ്യത്യാസമുണ്ടെന്ന് ഐ.സി.സി റിപ്പോർട്ടിൽ പറയുന്നു. ക്ലാസ് മുറിയിൽ മോഹാലസ്യപ്പെട്ട് വീണ കുട്ടിയോട് മദ്യപിച്ചെത്തിയ ഇഫ്തികർ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇതിനു പിന്നാലെ 34 വിദ്യാർഥികൾ സംയുക്തമായി പരാതി നൽകി. അതിനുശേഷം രണ്ട് വിദ്യാർഥികൾ അന്വേഷണം നടക്കുന്നതിനിടെയും പരാതി നൽകി. 19 വിദ്യാർഥികൾ ഐ.സി.സി അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ജനുവരി അഞ്ചിന് നൽകിയ പരാതി ജനുവരി 16നാണ് വി.സി പരാതി സെല്ലിന് കൈമാറുന്നത്.
16 സിറ്റിങ്ങാണ് ഐ.സി.സി നടത്തിയത്. ഒടുവിൽ കുറ്റാരോപിതനായ അധ്യാപകനെ ഗുണദോഷിച്ച് വിടുകയായിരുന്നു. ഡോ. കെ.എ. ജർമിന നേതൃത്വം നൽകുന്ന 11 അംഗ കമ്മിറ്റിയാണ് ഐ.സി.സി. ഇവർ നൽകിയ റിപ്പോർട്ടിൽ വിദ്യാർഥികൾ നൽകിയ മൊഴികളും പരാതികളും ചേർത്തുവെച്ച് നിഗമനത്തിലെത്താനാവുന്നില്ലെന്ന വിചിത്ര നിരീക്ഷണമാണ് നടത്തിയത്. അധ്യാപകന് ഒന്നാംവർഷ ക്ലാസുകൾ നൽകേണ്ടതില്ലെന്നാണ് മറ്റൊരു നിർദേശം.
വകുപ്പുതല അന്വേഷണമാവാം എന്നും പറയുന്നു. നല്ല പൊതുസമ്പർക്ക പ്രവർത്തകനാണെന്ന് ശ്ലാഘിക്കുന്ന റിപ്പോർട്ടിൽ മേലിൽ മര്യാദവിട്ട് പെരുമാറരുതെന്ന ഗുണദോഷവും നൽകിയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. അധ്യാപകനെ തിരിച്ചെടുത്തതിൽ വിദ്യാർഥികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ലൈംഗികാതിക്രമ കേസിൽ അധ്യാപകനെതിരെ ബേക്കൽ പൊലീസിൽ പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.