നടപടി നേരിടുന്ന കേന്ദ്ര വാഴ്സിറ്റി അധ്യാപകനെ സ്റ്റീൽ കമ്പനി ബോർഡിൽ നിയമിക്കുന്നു
text_fieldsകാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ ചട്ടവിരുദ്ധ നിയമനം നേടിയെന്ന് ആരോപണമുയർന്ന അധ്യാപകനെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എസ്.എ.ഐ.എൽ) നിയമിക്കുന്നു.
വാഴ്സിറ്റി മുൻ പി.വി.സിയും ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പു മേധാവിയുമായ പ്രഫ. ഡോ. കെ. ജയപ്രസാദിനാണ് ഡയറക്ടർ ബോർഡിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമനം നൽകിയത്. ഇദ്ദേഹത്തിന് കേന്ദ്ര സർവകലാശാലയിൽ നിയമനം നൽകിയതിനെതിരെ ഓഡിറ്റ് റിപ്പോർട്ടും കോടതിയിൽ കേസും നിലനിൽക്കുകയാണ്.
നിയമനം ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതേക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സർവകലാശാലയിൽ ഇദ്ദേഹത്തിന്റെ ഇടപെടലിൽ നിരവധി ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വി.സി തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
നിയമനംതന്നെ ചട്ടവിരുദ്ധമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചതോടെ അദ്ദേഹത്തെ ചുമതലകളിൽനിന്നെല്ലാം നീക്കിക്കൊണ്ടിരിക്കുകയാണ്. സംഘ്പരിവാറിനുവേണ്ടി കേന്ദ്ര സർവകലാശാലയിൽ നിയമനങ്ങളും ക്രമക്കേടുകളും നടത്തിയതിന്റെ പേരിൽ ഗുരുതര ആരോപണമാണ് സർവകലാശാല നേരിടുന്നത്. പുതിയ വി.സി വെങ്കിടേശ്വരലു ജയപ്രസാദിനെ കൈവിട്ടതോടെ സംഘ്പരിവാർ സഹചാരിയെന്ന നിലയിൽ മാന്യമായി പുറത്തേക്ക് വഴിതുറന്നുകൊടുക്കുകയാണ് പുതിയ ലാവണം ഒരുക്കുന്നതിലൂടെ ചെയ്തിരിക്കുന്നത്. മാർച്ച് 23ന് ഇതുസംബന്ധിച്ച ഉത്തരവ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി സെക്രട്ടറി ആശിഷ് ശർമ ഇറക്കിയിട്ടുണ്ട്. മൂന്നുവർഷത്തേക്കാണ് നിയമനം.
അപ്പോഴേക്കും ജയപ്രസാദിന്റെ സർവിസ് കാലാവധിയും കഴിയും. കേന്ദ്ര സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലുള്ള അധ്യാപകനെ ഇരുമ്പുരുക്കു വ്യവസായ കമ്പനിയുടെ ഡയറക്ടർ ബോർഡിലേക്ക് നിയമിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.