കേരളത്തിന് കുറഞ്ഞ തുകക്ക് അരി നൽകില്ലെന്ന് കേന്ദ്രം
text_fieldsതിരുവനന്തപുരം: പൊതുവിപണി വിൽപന പദ്ധതി (ഒ.എം.എസ്.എസ്) വഴി വിതരണം ചെയ്യുന്ന അരി വാങ്ങുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെയും സർക്കാർ ഏജൻസികളെയും വിലക്കിയ നടപടി പിൻവലിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് അയച്ച കത്തിലാണ് നിലപാട് അറിയിച്ചത്.
പൊതുവിപണിയിൽ അരി വിലവർധനക്കും സ്വകാര്യ കുത്തകകളുടെ അവിഹിത ഇടപെടലിനും വഴിയൊരുക്കി ഓപൺ മാർക്കറ്റ് സെയിൽസ് സ്കീമിൽനിന്ന് (ഒ.എം.എസ്.എസ്) സംസ്ഥാന സര്‍ക്കാറുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും കേന്ദ്ര സർക്കാർ പുറത്താക്കി ഫെബ്രുവരിയിലാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒ.എം.എസ്.എസ് വഴി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പക്കലുള്ള അരിയുടെയും ഗോതമ്പിന്റെയും അധിക സ്റ്റോക്ക് വാങ്ങാനുള്ള അർഹത വിവിധ ഏജന്‍സികൾക്കും വ്യക്തികള്ക്കുമായിരിക്കും.
16.25 ലക്ഷം ടൺ ഭക്ഷ്യധാന്യം കേരളത്തിന് കിട്ടിക്കൊണ്ടിരുന്നത് ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയശേഷം 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. ഇതിനെതുടർന്ന് എഫ്.സി.ഐയിൽനിന്ന് ഒ.എം.എസ്.എസ് പദ്ധതിവഴി ലേലത്തിൽ പങ്കെടുത്ത് 29 രൂപ നിരക്കിൽ അരി വാങ്ങിയാണ് 23ഉം 24 ഉം രൂപക്ക് സംസ്ഥാനം വിതരണം ചെയ്തിരുന്നത്. പൊതുവിപണിയിൽ അരിവില വർധിപ്പിക്കുമ്പോൾ ഓപൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി ലഭിക്കുന്ന അരികൊണ്ടാണ് കേരളം വിപണിവില പിടിച്ചുനിർത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ സംസ്ഥാന സർക്കാറിന്റെ വിപണി ഇടപെടലിന് തിരിച്ചടിയുണ്ടായി.
വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി കേന്ദ്രമന്ത്രിക്ക് പലതവണ കത്തയച്ചു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഒ.എം.എസ്.എസ് അനുവദിക്കൂവെന്നും നിലവിൽ കേരളത്തിന് ആവശ്യമായ അരി നൽകുന്നുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.