കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒന്നാക്കി; പുതുപദ്ധതികൾക്ക് പട്ടികജാതി ക്ഷേമ വകുപ്പ് നെട്ടോട്ടത്തിൽ
text_fieldsതൃശൂർ: സാമ്പത്തിക വർഷം അവസാനിക്കാൻ ആറുമാസം മാത്രം ബാക്കിനിൽക്കെ പട്ടികജാതി വകുപ്പിനെ മുൾമുനയിൽ നിർത്തി കേന്ദ്രം.
നിലവിലെ കേന്ദ്രാവിഷ്കൃത പദ്ധതികളായ സ്പെഷൽ സെൻട്രൽ അസിസ്റ്റൻസ് ടു ഷെഡ്യൂൾഡ് കാസ്റ്റ്സ് സബ് പ്ലാൻ, ബാബു ജഗജീവൻ റാം ചത്രവസ് യോജന, പ്രധാൻ മന്ത്രി ആദർശ് ഗ്രാം യോജന (പി.എം.എ ജി.വൈ) എന്നീ പദ്ധതികളെ പ്രധാനമന്ത്രി അനുശ്ചിത് ജാതി അഭയദയ് യോജന (പി.എം- അജയ്) എന്ന ഒരൊറ്റ പദ്ധതിയാക്കി ഈ വർഷം തന്നെ സമർപ്പിക്കാൻ ആവശ്യപ്പെട്ടതാണ് വകുപ്പിനെ ആശങ്കയിലാക്കിയത്.
ഈ മാസം 12നകം പദ്ധതികൾ സമർപ്പിക്കാനായിരുന്നു പട്ടികജാതി വകുപ്പിൽനിന്ന് ജില്ല ഓഫിസുകൾക്ക് ലഭിച്ച നിർദേശം. എന്നാൽ, ഭൂരിഭാഗം ജില്ലകളും സമയത്തിനകം പദ്ധതികൾ സമർപ്പിച്ചില്ല.
ഇതേത്തുടർന്ന് വെള്ളിയാഴ്ച ചേർന്ന ഓൺലൈൻ വകുപ്പുതല യോഗത്തിൽ ഈ മാസം 20നകം തന്നെ സമർപ്പിക്കാനും ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ എസ്.സി. എസ്.ടി കോർപറേഷൻ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് പുതു മാർഗനിർദേശങ്ങൾ പാലിക്കുന്ന പദ്ധതികൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വകുപ്പ്.
ഈ പദ്ധതി സംബന്ധിച്ച് മാർഗരേഖ നിർദേശങ്ങളല്ലാതെ വ്യക്തമായ പരിശീലനം ജീവനക്കാർക്ക് ലഭിച്ചിട്ടില്ല.) 2026 മാർച്ച് 31 വരെയാണ് പി.എം അജയ് പദ്ധതിയുടെ കാലാവധി. കൃഷി, മണ്ണ് സംരക്ഷണം, ഹോർട്ടികൾചർ, ചെറുകിട ജലസേചനം, മൃഗസംരക്ഷണം, ഫിഷറീസ്, കൈത്തറി, വ്യവസായം, സഹകരണം തുടങ്ങിയ മേഖലകളിൽ പട്ടികജാതിക്കാർക്ക് വരുമാനം ലഭ്യമാക്കും വിധം പദ്ധതികൾ രൂപവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ഇത് കൊണ്ടുവരുന്നത്.
വൈകിയ സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷം വരുമാനദായക-തൊഴിൽ പരിശീലന പദ്ധതികൾ മാത്രം സമർപ്പിച്ചാൽ മതിയെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.