ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്
text_fieldsകൊച്ചി: കേരള ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് എ.ജെ ദേശായി വ്യാഴാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ജൂലൈ അഞ്ച് മുതലായിരിക്കും മുഹമ്മദ് മുഷ്താഖ് ചീഫ് ജസ്റ്റിസിന്റെ ചുമതല വഹിക്കുക.
കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്. ദേശീയ ശ്രദ്ധ നേടിയ സുപ്രധാനമായ പല വിധികളും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് പുറപ്പടുവിച്ചിട്ടുണ്ട്. 2014 ജനുവരി 23ന് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അധികാരമേറ്റ മുഹമ്മദ് മുഷ്‌താഖ് 2016 മാർച്ച് 10 മുതലാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്.
1967-ൽ കണ്ണൂരിലെ താണയിൽ ജനിച്ച ഇദ്ദേഹം, ഉഡുപ്പിയിലെ വി.ബി. ലോ കോളേജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽനിന്നാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1989-ൽ അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു.
പരേതനായ പ്രമുഖ അഭിഭാഷകൻ പി. മുസ്തഫയുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്. എ. സൈനാബി ആണ് മാതാവ്. ആമിന യു.എൻ ആണ് ഭാര്യ. മക്കൾ: അയിഷ സെനാബ് കെൻസ, അസിയ നുസ, അലി മുസ്തഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.