നെല്ല് സംഭരണം: കേന്ദ്രം സംസ്ഥാനത്തിന് നൽകാനുള്ളത് 1079.5 കോടി
text_fieldsമലപ്പുറം: എട്ടു വർഷത്തിനിടെ നെല്ല് സംഭരിച്ച വകയിൽ സംസ്ഥാനത്തിന് മതിയായ തുക നൽകാതെ കേന്ദ്രം. 1079.5 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. കർഷകരിൽനിന്ന് നെല്ല് സംഭരിച്ചതിന് 2017-18 മുതൽ 2024-25 വരെയുള്ള കണക്കുപ്രകാരമാണിത്.
എട്ടു വർഷമായി 8341.28 കോടിയാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. ഇതിൽ 7261.78 കോടി രൂപയാണ് നൽകിയത്. 2024-25 സാമ്പത്തികവർഷം മാത്രം നെല്ല് സംഭരിച്ച വകയിൽ 376.34 കോടി കേന്ദ്രം നൽകാനുണ്ട്. 2017-18ൽ നെല്ല് സംഭരിച്ച വകയിൽ 742.68 കോടി രൂപയാണ് സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്. ഇതിൽ 736.31 കോടി അനുവദിക്കുകയും 6.37 കോടി ബാക്കിവെക്കുകയും ചെയ്തു. പിന്നീട് വന്ന ഓരോ വർഷത്തിലും കേരളത്തിന് ലഭിക്കാനുള്ള തുകയുടെ തോത് വർധിച്ചുവരുകയായിരുന്നു.
2018-19ൽ 538.2 കോടി ആവശ്യപ്പെട്ടപ്പോൾ 531.66 കോടി അനുവദിച്ച് 6.54 കോടി നൽകാതെ മിച്ചം വെച്ചു. 2019-20ൽ 1221.76 കോടി ആവശ്യപ്പെട്ടപ്പോൾ 1125.11 കോടി നൽകി 96.65 കോടി മിച്ചം വെച്ചു. 2020-21ൽ 1269.25 കോടി ചോദിച്ചപ്പോൾ 1254.15 കോടി നൽകി 15.10 കോടി ബാക്കിവെച്ചു. 2021-22ൽ 1380.91 കോടി ആവശ്യപ്പെട്ടപ്പോൾ 1349.02 കോടി അനുവദിച്ച് 31.89 കോടി മിച്ചം വെച്ചു. 2022-23ൽ 1491.64 കോടി ആവശ്യപ്പെട്ടതിൽ 1140.41 കോടി നൽകി 351.23 കോടി മിച്ചം വെച്ചു. 2023-24ൽ 1320.50 കോടി ചോദിച്ചപ്പോൾ 1125.12 കോടി അനുവദിച്ച് 195.38 കോടിയാണ് നൽകാതെ മിച്ചം വെച്ചത്. 2023-24 സീസണിൽ മാത്രം സംസ്ഥാനത്ത് 1,97,379 കർഷകരിൽനിന്നായി 5.52 ലക്ഷം ടൺ മെട്രിക് നെല്ല് സംഭരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.