രാത്രിയാത്ര നിരോധനം: കേന്ദ്ര നിർദേശം തള്ളി കർണാടക
text_fieldsബംഗളൂരു: ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന കേന്ദ്ര നിർദേശം കർണാടക തള്ളി.
കോഴിക്കോട്-െകാല്ലഗൽ ദേശീയപാത 766 കടന്നുപോകുന്ന ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച ഹരജി ആഗസ്റ്റ് എട്ടിന് പരിഗണിക്കാനിരിക്കെയാണ് കേരളത്തിന് പ്രതീക്ഷ നൽകി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം രംഗത്തെത്തിയത്.
ബന്ദിപ്പൂർ പാതയിൽ മുഴുവൻസമയ ഗതാഗതം സാധ്യമാവുന്ന വിധത്തിൽ ആവശ്യമായ പരിഹാര നടപടികൾകൂടി നിർദേശിച്ച കേന്ദ്രം, ഇൗ വിഷയത്തിൽ ൈവകാതെ മറുപടി നൽകണമെന്നും കർണാടകയോട് ആവശ്യപ്പെട്ടു.
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയ സെക്രട്ടറി വൈ.എസ്. മാലിക് ഇതുസംബന്ധിച്ച കത്ത് ജൂലൈ 21നാണ് കർണാടക ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്കറിന് അയച്ചത്.
ജൂലൈ 17ന് ഡൽഹിയിൽ വകുപ്പുമന്ത്രി നിതിൻ ഗഡ്ഗരിയുമായി നടന്ന കൂടിക്കാഴ്ചയിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണ എന്നിവർ ഇക്കാര്യത്തിൽ വാക്കാൽ അനുകൂല നിലപാട് സ്വീകരിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, യാത്ര നിരോധനം നീക്കാൻ സന്നദ്ധമാണെന്ന ഉറപ്പ് കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും വനം സംരക്ഷിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും കർണാടക വനം മന്ത്രി ആർ. ശങ്കർ വ്യക്തമാക്കി.
നിരോധനം നീക്കിയാൽ ജനങ്ങളുടെ എതിർപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യാത്ര നിരോധനം നീക്കാനാകില്ലെന്ന് അറിയിച്ച് കേന്ദ്രത്തിന് കർണാടക സർക്കാർ കത്തയക്കുകയും ചെയ്തു.
ചരക്കുനീക്കം വർധിപ്പിച്ച് ദേശീയപാതകളെ സാമ്പത്തിക ഇടനാഴിയാക്കി വികസിപ്പിക്കാനുള്ള കേന്ദ്രസർക്കാറിെൻറ ‘ഭാരത്മാല’ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനം നീക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
അഞ്ചിടത്ത് മേൽപാലം നിർമിച്ച് മൃഗങ്ങൾക്ക് വനപാത മുറിച്ചുകടക്കാൻ വഴിയൊരുക്കണമെന്ന നിർദേശമാണ് ഇതിൽ പ്രധാനം. 25 കി.മീറ്ററുള്ള വനപാതയെ അഞ്ച് സെക്ഷനാക്കി ഒാരോ സെക്ഷനിലും ഒരു കിലോമീറ്റർ നീളത്തിലാണ് മേൽപാലം പണിയേണ്ടത്. നിലവിലുള്ള പാത രണ്ടുവരിപ്പാതയാക്കണമെന്നതാണ് മറ്റൊരു നിർദേശം.
ഏഴ് മീറ്ററുള്ള പാത വീതികൂട്ടി 15 മീറ്ററാക്കണം. മൊത്തം പദ്ധതിച്ചെലവിെൻറ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്നും കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.