ആശ വർക്കർമാർക്കുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്രം; ഇല്ലെന്ന് കേരളം
text_fieldsസെക്രേട്ടറിയറ്റിനു മുന്നിൽ ആശ വർക്കർമാരുടെ സമരം- ചിത്രങ്ങൾ: അരവിന്ദ് ലെനിൻ
തിരുവനന്തപുരം: ആശ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും. ആശ വർക്കർമാരുടെ സമരം പരിഹാരമില്ലാതെ തുടരുമ്പോഴാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങൾ.
ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിനുള്ള മുഴുവന്‍ തുകയും അനുവദിച്ചെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് നിയമസഭയിൽ മന്ത്രി വീണ ജോർജ് പറഞ്ഞു. കോ-ബ്രാന്‍ഡിങ്ങിന്റെ പേരില്‍ തടഞ്ഞുവെച്ച കാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകളും അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എൻ.എച്ച്.എം സ്റ്റേറ്റ് മിഷന്‍ നല്‍കിയ രേഖകള്‍ മന്ത്രി സഭയില്‍ വെച്ചു.എന്‍.എച്ച്.എമ്മിന് 2023-24 ല്‍ കേന്ദ്രം നല്‍കാനുള്ള തുക സംബന്ധിച്ച് 2023 നവംബർ 27, 2024 ജൂൺ 24, 2024 ഒക്ടോബർ 17 തീയതികളില്‍ ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും നാഷനല്‍ മിഷന് സ്റ്റേറ്റ് മിഷനും കത്തയച്ചിരുന്നു.
ഇതിനുള്ള മറുപടികളിലും കേന്ദ്രം കേരളത്തിന് 2023-24ൽ കേന്ദ്ര വിഹിതം നല്‍കാനുണ്ടന്ന് വ്യക്തമാണ്. എൻ.എച്ച്.എമ്മിന്‍റെ ആശ ഉള്‍പ്പെടെ സ്‌കീമുകള്‍ക്കോ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു രൂപ പോലും 2023-24 ല്‍ അനുവദിച്ചിരുന്നില്ല. ആശമാരുടെ ഇന്‍സെന്റിവ് ഉള്‍പ്പെടെ 636.88 കോടി രൂപ അനുവദിച്ചിട്ടില്ല. -വീണ ജോർജ് തുടർന്നു.
വേതന വർധന പരിഗണനയിൽ കേരളം കണക്ക് നൽകിയില്ല- കേന്ദ്രം
ന്യൂഡൽഹി: ആശാ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും കേന്ദ്ര സർക്കാർ നൽകിയെന്നും കേരളം ചെലവഴിച്ച കണക്ക് നൽകിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ. ആശാ വർക്കർമാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും അവർക്ക് വേതനം വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നും ജെ.പി. നഡ്ഡ പറഞ്ഞു. സി.പി.ഐ അംഗം പി.സന്തോഷ് കുമാർ ചൊവ്വാഴ്ച ചോദ്യോത്തര വേളയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ മറുപടി.
ആശാ വർക്കർമാരടെ വേതനം ഉയർത്താൻ സർക്കാറിന് പദ്ധതിയുണ്ടോ എന്നും കേരളത്തിന് നൽകാനുള്ള 100 കോടിയിലധികം രൂപ കുടിശ്ശികയുണ്ടെന്നും അത് ഉടൻ നൽകുമോ എന്നുമായിരുന്നു എം.പിയുടെ ചോദ്യങ്ങൾ.
ഇതിന് നൽകിയ മറുപടിയിലാണ്, ഒരാഴ്ച മുമ്പ് നടന്ന ദേശീയ ആരോഗ്യ മിഷൻ (എൻ.എച്ച്.എം) യോഗത്തിൽ ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നുവെന്നും അവർക്ക് വേതനം വർധിപ്പിക്കുന്നത് പരിഗണയിലാണെന്നും മന്ത്രി വ്യക്തമാക്കിയത്. കേന്ദ്രം കേരളത്തിന് നൽകാനുള്ള എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ട്. എന്നാൽ, ഈ നിമിഷം വരെ വിനിയോഗ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
കുടിശ്ശിക സംബന്ധിച്ച് ജെ.പി. നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടീസ് നൽകുമെന്നും സന്തോഷ് കുമാർ എം.പി പ്രതികരിച്ചു. കേരളത്തിന് ഒന്നും കിട്ടാനില്ലെന്നുപറഞ്ഞത് കള്ളമാണ്. 2023-24 വർഷത്തേക്ക് 100 കോടി രൂപ കിട്ടാനുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.