കേരളത്തിലെ ക്വാറി വിവരങ്ങൾ കേന്ദ്രം തേടുന്നു
text_fieldsന്യൂഡൽഹി: കേരളത്തിലെ ക്വാറി, ഖനന പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങൾ കേന്ദ്രം തേടുന്നു. ഇൗ വിശദാംശങ്ങൾ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നതിനൊപ്പം, മന്ത്രാലയത്തിനു മുമ്പിലെത്തിയ ക്വാറി, ഖനന അനുമതികൾ തൽക്കാലം പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുമുണ്ട്.അനിയന്ത്രിതമായ ക്വാറി, ഖനന പ്രവർത്തനങ്ങൾ പ്രളയദുരന്തം വർധിപ്പിച്ചുവെന്ന പൊതുകാഴ്ചപ്പാട് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിെൻറ നടപടി.
സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന പാരിസ്ഥിതികാഘാത പഠന അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ ഏതാനും ക്വാറികളുടെ അനുമതിക്കുള്ള അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിനു മുന്നിൽ എത്തിയിരുന്നു. അതാണ് തൽക്കാലം മാറ്റിവെച്ചിരിക്കുന്നത്. നിരവധി അപേക്ഷകൾ പുതുതായി എത്തുന്നതുകൂടി മുൻനിർത്തിയാണ് വിശദാംശങ്ങൾ സംസ്ഥാന സർക്കാറിൽനിന്ന് കേന്ദ്രം തേടുന്നത്. വിശദ വിവരങ്ങൾ കേന്ദ്രത്തിെൻറ പക്കൽ ഇല്ലെന്നിരിക്കേ, കിട്ടുന്ന അപേക്ഷകളിൽ പരിശോധന കൂടാതെ തീരുമാനമെടുക്കാൻ കഴിയുകയുമില്ല.
ഇതിനിടെ, പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനം വീണ്ടും പുതുക്കിയിറക്കാൻ പരിസ്ഥിതി മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. വിസ്തൃതിയിലോ ഇപ്പോഴുള്ള കരടിലോ ഒരു മാറ്റവും വരുത്താതെ വേണം കരട് പുതുക്കാനെന്ന് ദേശീയ ഹരിത ൈട്രബ്യൂണൽ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ആറു മാസത്തിനകം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.