ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾക്കും സർട്ടിഫിക്കറ്റ്; ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് അട്ടിമറിക്കുന്നു
text_fieldsകോഴിക്കോട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദുചെയ്ത കോൺട്രാക്ട് കാരേജ് ബസുകൾക്ക് പിടിക്കപ്പെട്ട അതേ അവസ്ഥയിൽതന്നെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഫിറ്റ്നസ് നൽകുന്നു. ഒക്ടോബറിൽ പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് അഞ്ചു വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ച സംഭവത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ ഉത്തരവ് കാറ്റിൽപറത്തിയാണ് ഉദ്യോഗസ്ഥർ പതിനായിരങ്ങൾ കോഴ വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്. ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ആഴ്ചകളോളം പരിശോധന നടത്തി പിടികൂടിയ വാഹനങ്ങൾക്കാണ് ഒരുമാറ്റവും വരുത്താതെ ഫിറ്റ്നസ് നൽകുന്നത്.
ഫിറ്റ്നസ് ഇല്ലാതെ പിടിക്കപ്പെട്ടാൽ നിറം, ബോഡി രൂപം, ലൈറ്റ്, രൂപമാറ്റം, സ്പീഡ് ഗവേണർ, ജി.പി.എസ് തുടങ്ങി 32 മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പാക്കി മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാവൂ എന്നാണ് ഉത്തരവിൽ പറഞ്ഞത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുമുമ്പും ശേഷവും വാഹനത്തിന്റെ ഭാഗങ്ങളുടെ ഫോട്ടോ എടുക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പ് കമീഷണറുടെ ഉത്തരവ്. പിടിക്കപ്പെട്ട ഏറെ ബസുകൾക്കും ഉത്തരവുപ്രകാരം ഫിറ്റ്നസ് ലഭിക്കണമെങ്കിൽ ബസിന് മാറ്റംവരുത്താൻ മൂന്നും നാലും ലക്ഷം രൂപ വേണ്ടിവരുമെന്നതിനാൽ ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ഫിറ്റ്നസ് നൽകുകയാണ്.
പിടിക്കപ്പെട്ട ഒരു വാഹനം അതേ അവസ്ഥയിൽതന്നെ കർണാടകയിലേക്ക് കൊണ്ടുപോവുകയും അവിടെ ഓടിക്കുകയും ചെയ്തു. കർണാടകയിൽ ഓടിക്കൊണ്ടിരിക്കെ വാഹനപരിശോധനക്ക് വിധേയമാക്കാതെ വൻ തുക കൈക്കൂലി വാങ്ങി ജനുവരി 22ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. കൂടാതെ, സംസ്ഥാനം മാറ്റി ഓടിക്കുന്നതിന് ഈ വാഹനത്തിന് എൻ.ഒ.സിയും നൽകിയിരിക്കുകയാണ്.
പല വാഹനങ്ങളും അയൽസംസ്ഥാനങ്ങളിൽ ഇതേ അവസ്ഥയിൽ ഓടുന്നുണ്ടെന്നാണ് വിവരം. കർണാടകയിൽനിന്ന് പരിശോധനക്കുപോലും കൊണ്ടുവരാതെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും എൻ.ഒ.സിയും നൽകിയത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽതന്നെ വിവാദമായി. മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സൽപ്രവൃത്തികൾക്ക് തുരങ്കംവെക്കുന്നതാണ് കൈക്കൂലിവാങ്ങിയുള്ള ഇത്തരം നടപടികൾ എന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.