ആധാരങ്ങളുടെ സർട്ടിഫൈഡ് കോപ്പി വിരൽത്തുമ്പിൽ; പക്ഷേ, പ്രയോജനമില്ല
text_fieldsതിരുവനന്തപുരം: ഡിജിറ്റൽവത്കരണത്തിലെ വലിയ നേട്ടമെന്ന നിലയിൽ രജിസ്ട്രേഷൻ വകുപ്പ് നടപ്പാക്കിയ ആധാരങ്ങളുടെ സര്‍ട്ടിഫൈഡ് കോപ്പി (അടയാള സഹിത പകര്‍പ്പ്) ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതിയിൽ നാട്ടുകാർക്ക് പ്രയോജനമില്ല. ആധാര പകർപ്പുകൾ ഉടനടി കിട്ടുമെങ്കിലും ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ഇത് സ്വീകരിക്കുന്നില്ല. എന്തിന്, സർട്ടിഫൈഡ് കോപ്പി നൽകുന്ന രജിസ്ട്രേഷൻ വകുപ്പ് പോലും ഇതിന് വില കൽപിക്കുന്നില്ല.
വായ്പകൾക്കും മറ്റുമാണ് പ്രധാനമായും വസ്തുവിന്റെ മുന്നാധാരം ആവശ്യമായി വരുക. പലരുടെയും പക്കൽ മുന്നാധാരങ്ങൾ ഉണ്ടാകില്ല. മുന്നാധാരങ്ങൾ കാണാതെ ബാങ്കുകൾ വായ്പ നൽകുകയുമില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് രജിസ്ട്രേഷൻ വകുപ്പ് ’90 മുതലുള്ള എല്ലാ ആധാരങ്ങളുടെയും സർട്ടിഫൈഡ് കോപ്പി ഓൺലൈനായി നൽകുന്ന സംവിധാനം ആരംഭിച്ചത്. മുമ്പ് ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫിസുകളിലെത്തി അപേക്ഷ നല്കി, പണമടച്ച് മാസങ്ങള്‍ കാത്തിരുന്ന് കിട്ടിയിരുന്ന പകര്‍പ്പുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഉടന്‍ കിട്ടുന്നത്. ഇത് പൂർണ തോതിൽ നടപ്പായത് ഈ സാമ്പത്തിക വർഷം മുതലാണ്. ആധാരങ്ങളുടെ ആധികാരിക രേഖ എന്ന നിലയിൽ ഇതു ഉപയോഗിക്കാമെന്നിരിക്കെയാണ് കാലഹരണപ്പെട്ട കീഴ്വഴക്കങ്ങളുടെ ഭാഗമായി ബാങ്കുകൾ ഇപ്പോഴും അസ്സൽ മുന്നാധാരം തന്നെ ആവശ്യപ്പെടുന്നത്.
പല തവണ കൈമാറിയ വസ്തുക്കളിൽ പലപ്പോഴും മുന്നാധാരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാകും. കഴിഞ്ഞ പതിറ്റാണ്ടുകളിൽ വലിയ ഭൂമി തുണ്ടുകളാക്കി വിൽക്കുന്ന രീതി സംസ്ഥാനത്ത് വ്യാപകമായതോടെ ആരുടെ പക്കലാണ് സ്വന്തം വസ്തുവിന്റെ മുന്നാധാരമുള്ളതെന്നുപോലും പലർക്കും അറിവുണ്ടാകില്ല. ഭൂമിയുടെ ക്രയവിക്രയത്തിലും റവന്യൂ നിയമങ്ങളിലും ആധുനികവത്കരണത്തിന്റെ ഭാഗമായി സർക്കാർ രേഖകളിലും വന്ന മാറ്റങ്ങൾ മനസ്സിലാക്കാതെയാണ് ബാങ്കുകൾ മുന്നാധാരത്തിന് നിർബന്ധം പിടിക്കുന്നത്. പൊതുമേഖല, സ്വകാര്യ ബാങ്കുകൾ മാത്രമല്ല, സർക്കാർ നിയന്ത്രണത്തിലുള്ള കെ.എസ്.എഫ്.ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളും ഇതേ നിഷേധ നിലപാടാണ് തുടരുന്നത്.
രജിസ്ട്രേഷൻ വകുപ്പിൽ തന്നെയും പല ഉദ്യോഗസ്ഥർക്കും സർട്ടിഫൈഡ് കോപ്പി സ്വീകാര്യമല്ല. ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പിയും കൊണ്ട് ഭൂവുടമ വസ്തു കൈമാറ്റം ചെയ്യാനെത്തുമ്പോൾ പല ഉദ്യോഗസ്ഥർക്കും നിരവധി ചോദ്യമാണ്. അസ്സല് മുന്നാധാരമില്ലാതെ ഭൂമി കൈമാറ്റം ചെയ്യാനും കടമ്പകളേറെയുണ്ട്. മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ധനനിശ്ചയം കൊടുക്കുന്നതിനുപോലും കടുകട്ടി.
അസ്സൽ പ്രമാണം നഷ്ടപ്പെട്ടതിനിടയാക്കിയ സാഹചര്യവും, തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടപ്പെട്ടതായുമൊക്കെ കൈമാറ്റം ചെയ്യുന്ന ആധാരത്തില്‍ എഴുതണമെന്ന് നിര്‍ദേശിക്കുന്ന രജിസ്റ്ററിങ് ഉദ്യോഗസ്ഥരുണ്ട്. ഇതിനു പുറമെ, നോട്ടറിയുടെ സത്യവാങ്മൂലം, പരസ്യം, പ്രമാണം നഷ്ടപ്പെട്ടതു സംബന്ധിച്ച പൊലീസ് സര്‍ട്ടിഫിക്കറ്റ് ഇവയൊക്കെ സമ്പാദിച്ചാലേ ചിലയിടങ്ങളിൽ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. രജിസ്ട്രേഷൻ വകുപ്പ് സാക്ഷ്യപ്പെടുത്തി നൽകുന്ന ആധാരപ്പകർപ്പുകൾ ഒരിടത്തും സ്വീകരിക്കാതിരിക്കുന്നതോടെ, സർക്കാറിന്റെ വലിയൊരു ഉദ്യമം തന്നെ നിഷ്ഫലമാകുകയാണ്. ആധാരങ്ങളുടെ സർട്ടിഫൈഡ് കോപ്പിയുടെ ഉപയോഗം സംബന്ധിച്ച് സർക്കാർ കൃത്യമായ ഒരു മാർഗനിർദേശം പുറത്തിറക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.