സെസിലും സർചാർജിലും തൊടില്ല; ധന കമീഷൻ കൈമലർത്തി
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് പങ്കുനൽകാതെ കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്ന സെസിലും സർചാർജിലും കൈമലർത്തി ധന കമീഷൻ. സെസിൽ പരിധി ഏർപ്പെടുത്തണമെന്നും അത് കഴിഞ്ഞുള്ളതിൽ സംസ്ഥാനങ്ങൾക്ക് കൂടി വീതം നൽകണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ, സെസും സർചാർജും സങ്കീർണ വിഷയമാണെന്നും വേഗത്തിൽ തീരുമാനമെടുക്കാനാവില്ലെന്നുമാണ് ധന കമീഷൻ നിലപാട്. സംസ്ഥാനങ്ങൾ കൂടുതൽ നികുതി വിഹിതം ആവശ്യപ്പെടുന്ന ഘട്ടത്തിൽ, സ്വന്തം വരുമാനം വർധിപ്പിക്കാനാണ് സെസും സർചാർജും കേന്ദ്രം ഉപയോഗപ്പെടുത്തുന്നത്. 13ാം കമീഷന്റെ കാലയളവ് മുതൽ തന്നെ വിഷയം പരിഗണനയിലുണ്ടെങ്കിലും കൃത്യമായ തീരുമാനമുണ്ടായിട്ടില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഫലത്തിൽ സംസ്ഥാനങ്ങളുടെ പൊതു ആവശ്യമായ സെസിലും സർചാർജിലും 16 ാം ധന കമീഷനും തൊടില്ലെന്ന് വ്യക്തമായി.
സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ട വിഹിതത്തെ (ഡിവിസിവ് പൂൾ) മറികടക്കാനും കേന്ദ്ര വരുമാനം ഉറപ്പിച്ചുനിർത്താനുമാണ് സെസിലും സർചാർജിലും കേന്ദ്രം പിടിമുറുക്കുന്നത്. നികുതിയായാണ് പിരിക്കുന്നതെങ്കിൽ വിഹിതം സംസ്ഥാനങ്ങൾക്ക് കൂടി അവകാശപ്പെട്ടതാകും. സെസ് ആകുമ്പോൾ കേന്ദ്രത്തിന് സ്വന്തം നിലക്ക് ഉപയോഗിക്കാം. 2011-2012ൽ കേന്ദ്ര സർക്കാറിന്റെ ആകെ വരവിന്റെ 10.4 ശതമാനം സെസുകളും സർചാർജുകളുമായിരുന്നു. 2021-2022ൽ ഇത് 28.1 ശതമാനമായി കുതിച്ചുയർന്നു. നിരന്തരം കൂട്ടുന്ന ഇന്ധന നികുതി ഡിവിസിവ് പൂളിൽ ഉൾപ്പെടാത്ത സെസ് ആയാണ് കേന്ദ്രം ഈടാക്കുന്നത്.
2010-11 മുതൽ 2013-14 വരെ കാലയളിൽ കേന്ദ്രം ഈടാക്കിയ സെസുകളുടെ എണ്ണം 15 ആയിരുന്നു. 2020 ഓടെ ഇത് 25 ആയി. 2018-19ൽ 51,266 കോടി രൂപയാണ് സെസ് ഇനത്തിൽ പിരിച്ചെടുത്തത്. 2020-21ൽ ഇത് 2.24ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് സെസിനും സർചാർജിനും പരിധി നിശ്ചയിക്കണമെന്നും ഈ പരിധി കവിഞ്ഞുള്ളവ, ഡിവിസിവ് പൂളിലേക്ക് മാറ്റണമെന്നും കേരളമടക്കം ആവശ്യമുന്നയിച്ചത്.
കേന്ദ്രസർക്കാറിന് വരുമാനമുറപ്പാക്കാൻ നിരവധി നികുതിയിതര മാർഗങ്ങളുണ്ട്. പൊതുമേഖല കമ്പനികളുടെ ലാഭവിഹിതം, സ്പെക്ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ വർഷംതോറും വലിയ തുക ലഭിക്കുകയാണ്. ഇത്തരം നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ഇനത്തിൽ ഉൾപ്പെടുത്തണമെന്നാണ് കേരളത്തിന്റെ നിലപാട്.
കേരളത്തിന്റെ നഷ്ടം 20,000 കോടി
കേന്ദ്രസർക്കാർ ഏകപക്ഷീയമായി സെസും സർചാർജും ചുമത്തിയ വകയിൽ മാത്രം കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20,000 കോടി രൂപയാണ്. പതിനഞ്ചാം ധന കമീഷൻ കേന്ദ്ര വരുമാനത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ഫലത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചത് 29.6 ശതമാനം മാത്രം. ആനുപാതികമായി കേരളത്തിനും വിഹിതം കുറഞ്ഞ ഇനത്തിലാണ് ഇത്രയും നഷ്ടം. നികുതിക്ക് പകരം സെസും സർചാർജുമായി കേന്ദ്രം പണസമാഹരണം നടത്തിയതാണ് ഇതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.