സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു
text_fieldsചങ്ങനാശ്ശേരി: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.എഫ്. തോമസ് എം.എല്‍.എ അന്തരിച്ചു. 81 വയസ്സായിരുന്നു. 40 വർഷമായി ചങ്ങനാശ്ശേരി എം.എല്‍.എയാണ്. രണ്ടര വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് 19ന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ചങ്ങനാശ്ശേരി മെത്രപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 11ന് വീട്ടിലെ അന്ത്യശുശ്രൂഷക്കുശേഷം ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും.
2001ലെ എ.കെ. ആൻറണി മന്ത്രിസഭയിലും പിന്നീട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷന്, ഗ്രാമവികസനം, ഖാദി വകുപ്പുകൾ കൈകാര്യം ചെയ്തു. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക്് കടന്നുവന്നത്. 1964ല്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ സി.എഫ്. തോമസും പാർട്ടിയിലെത്തി. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം മാണിയുടെ നിര്യാണശേഷം പി.ജെ. ജോസഫിനൊപ്പമായിരുന്നു.
ചങ്ങനാശ്ശേരി ചെന്നിക്കര അങ്ങാടി സി.ടി. ഫ്രാന്സിസിെൻറയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. 18 വര്‍ഷം അധ്യാപകനായിരുന്നു. 1980ല്‍ ആദ്യമായി ചങ്ങനാശ്ശേരിയില്‍നിന്ന് എല്‍.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച അദ്ദേഹം തുടര്‍ന്നുള്ള എട്ട് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ പ്രതിനിധാനം ചെയ്താണ് നിയമസഭയിലെത്തിയത്.
ഭാര്യ: മങ്കൊമ്പ് പരുവപ്പറമ്പില്‍ കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: സൈജു തോമസ്, അഡ്വ. സിനി തോമസ് (കോട്ടയം), അനു തോമസ് (മനോരമ ന്യൂസ്). മരുമക്കള്‍: ലീന (അധ്യാപിക, സെൻറ് തെരേസാസ് ഹയർ സെക്കൻഡറി, വാഴപ്പള്ളി), ബോബി (ബീന ട്രാവൽസ്, കോട്ടയം), മനു ജേക്കബ് മാത്യു (മനോരമ). ചങ്ങനാശ്ശേരി നഗരസഭ ചെയര്മാന് സാജന് ഫ്രാന്‍സിസ്, തങ്കമ്മ, തങ്കച്ചന്, പരേതരായ കുട്ടപ്പായി, ജോസുകുട്ടി, ജോളിച്ചന്‍, സാലിമ്മ എന്നിവര്‍ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.