സി.എഫ്. തോമസ്; പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ ഓടിയെത്തിയ നേതാവ്
text_fieldsഅടൂർ: കേരള കോൺഗ്രസ് മുതിർന്ന നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസ് പത്തനംതിട്ട ജില്ലയിെല പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും മറക്കാനാവാത്ത വ്യക്തിയാണ്. കോട്ടയം ജില്ലക്കാരനായ എം.എൽ.എ ആയിരുന്നെങ്കിലും പത്തനംതിട്ടയിലെ കേരള കോൺഗ്രസിനും പ്രവർത്തകർക്കും 'സി.എഫ് സാർ'എല്ലാ കാര്യത്തിനും ഓടിയെത്തുന്ന നേതാവായിരുന്നു.
കേരള കോൺഗ്രസ് സ്ഥാപകാംഗമായ അദ്ദേഹം ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി പഴയകാല നേതാക്കളും പ്രവർത്തകരും ഓർക്കുന്നു. പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പരിഹരിക്കാൻ കെ.എം. മാണി, സി.എഫിനെയാണ് ജില്ലയിലേക്ക് നിയോഗിച്ചിരുന്നത്.
ജില്ല അതിർത്തിയിലെ സ്വന്തംനാട്ടിൽനിന്ന് യാത്രയും അദ്ദേഹത്തിന് എളുപ്പമായിരുന്നു. പലപ്പോഴും മാണിയുടെ അഭാവത്തിൽ ജില്ലയിലെ പ്രധാന പരിപാടികൾ ഉദ്ഘാടനം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്ന് ബസിൽ യാത്രചെയ്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ കാർ ഇല്ലാതിരുന്ന ചുരുക്കം എം.എൽ.എമാരിൽ ഒരാളായിരുന്നു അദ്ദേഹം. മന്ത്രിയായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരായ പൊതുജനങ്ങൾക്ക് നേരിട്ട് സമീപിക്കാൻ പറ്റുന്ന പ്രവർത്തനശൈലിക്ക് ഉടമയായിരുന്നെന്ന് കേരള കോൺഗ്രസ്-എം സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ പറഞ്ഞു.
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി മന്ത്രിയെന്ന നിലയിൽ നിരവധി പുതിയ കർമപദ്ധതിയും തയാറാക്കിയിട്ടുണ്ട്. പാർട്ടിക്കാർ ശിപാർശ ചെയ്താലും സ്വന്തമായി മനസ്സിലാക്കാതെ ഒരു ഉദ്യോഗസ്ഥെൻറ പേരിലും നടപടിയെടുത്തിരുന്നില്ല. രജിസ്ട്രേഷൻ വകുപ്പിൽ വസ്തുക്കളുടെ ക്രയവിക്രയത്തിന് ഫെയർവാല്യൂ നിശ്ചയിച്ചത് വലിയ വാർത്തയായിരുന്നു. വസ്തുക്കളുടെ വിൽപന-വാങ്ങൽ രംഗത്ത് അഴിമതി കുറക്കുന്നതിന് ഏറെ സഹായിച്ചു. സർക്കാറിന് സാമ്പത്തികമായി വരുമാനം വർധിപ്പിക്കാനും അത് സഹായകരമായി. അടൂർ വടക്കേടത്ത് കാവിലെ ഗ്രാമവികസന വകുപ്പിെൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് അദ്ദേഹമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.