'ദശരഥപുത്രൻ രാമനെ' കണ്ടെത്തി കേസെടുത്ത് പൊലീസ്
text_fieldsചടയമംഗലം: ഒടുവിൽ 'ദശരഥപുത്രൻ രാമനെ' കണ്ടെത്തിയ പൊലീസ് കേസുമെടുത്തു. വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാറിനെതിരെയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്. അയോധ്യയിലെ ദശരഥന്റെ മകൻ രാമൻ എന്ന പേരും വിലാസവും നൽകിയ യുവാവ്, പൊലീസിനെ കബളിപ്പിച്ചത് നവമാധ്യമങ്ങളിൽ പരിഹാസത്തിന് വഴിവച്ചിരുന്നു.
കഴിഞ്ഞ 12നാണ് സീറ്റ് ബൽറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് നന്ദകുമാറിനെ പൊലീസ് പിടിച്ച് അഞ്ഞൂറ് രൂപ പിഴയിട്ടത്. സ്ഥലം അയോധ്യയാണെന്നും അച്ഛെൻറ പേര് ദശരഥൻ എന്നും പേര് രാമൻ എന്നുമാണ് പോലീസിനോട് പറഞ്ഞത്. തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി.
എന്നാൽ കള്ളപേരും വിലാസവും പറഞ്ഞ് പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാർ പ്രചരിപ്പിച്ചതോടെയാണ് കേസ് എടുത്തതും ആളെ കണ്ടെത്തിയതും. ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത് . അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നവമാധ്യമങ്ങളിൽ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ചടയമംഗലം പൊലീസ്. ഒരാഴ്ചക്കിടെ ഒന്നിലധികം കേസുകളിലാണ് ചടയമംഗലം പോലീസ് പഴി കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.