കേരള വർമ കോളജ് ചെയർമാൻ ചുമതലയേൽക്കുന്നത് അന്തിമ വിധിക്ക് വിധേയം -ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ കേരളവർമ കോളജ് യൂനിയൻ ചെയർമാൻ ചുമതലയേൽക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഹരജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഹൈകോടതി. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടായെന്നും ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ‘എണ്ണിത്തോൽപിക്കലിന്’ ഇരയായെന്ന് ആരോപിക്കപ്പെടുന്ന കെ.എസ്.യു സ്ഥാനാർഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവി ഇക്കാര്യം വ്യക്തമാക്കിയത്.
ചെയർമാൻ ചുമതലയേൽക്കുന്നത് തടയണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി അനുവദിച്ചില്ല. മത്സരഫലം അട്ടിമറിച്ചതിന് തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. തുടർന്ന്, ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വരണാധികാരിക്ക് നിർദേശം നൽകിയ കോടതി, ഹരജി നവംബർ ഒമ്പതിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ താൻ ഒരു വോട്ടിന് വിജയിച്ചു എന്ന് ആദ്യം പ്രഖ്യാപിച്ചെങ്കിലും വീണ്ടും എണ്ണി എതിർസ്ഥാനാർഥി എസ്.എഫ്.ഐയുടെ കെ.എസ്. അനിരുദ്ധ് 10 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിച്ചെന്നാരോപിച്ചാണ് ഹരജി. ബാലറ്റലടക്കം കേടുവരുത്തിയ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ബാലറ്റ് കേടുവരുത്തിയതിന് തെളിവുണ്ടോയെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു.
കോളജ് മാനേജറെന്ന നിലയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആവശ്യപ്പെട്ടതിനാലാണ് വീണ്ടും വോട്ടെണ്ണിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞെന്നും പുറമെ നിന്നുള്ള ഇടപെടൽ നിയമപരമല്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മാത്യു കുഴൽനാടൻ വാദിച്ചു. മാനേജറെയും പ്രിൻസിപ്പലിനെയും കേൾക്കാതെ ഈ വാദം സ്വീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ഹരജിക്കാരൻ നൽകിയ കണക്കുകൾ പരിശോധിച്ചാൽ പോൾ ചെയ്തതും സ്ഥാനാർഥികൾക്ക് ലഭിച്ചതുമായ വോട്ടുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ കണക്കുകൾ കോളജിൽനിന്ന് നൽകുന്നില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച കണക്കുകളാണ് നൽകിയതെന്നും കുഴൽനാടൻ വിശദീകരിച്ചു. റീകൗണ്ടിങ് നടത്തിയതിൽ അപാകതയില്ലെന്നും ഒരു വോട്ടിന്‍റെയൊക്കെ ഭൂരിപക്ഷമാണെങ്കിൽ വീണ്ടും വോട്ടെണ്ണുന്ന കാര്യത്തിൽ റിട്ടേണിങ് ഓഫിസർക്ക് തീരുമാനമെടുക്കാമെന്നും കാലിക്കറ്റ് സർവകലാശാല വ്യക്തമാക്കി.
അതേസമയം, ആർക്കാണ് ഒരു വോട്ടു കൂടുതൽ കിട്ടിയതെന്ന കോടതിയുടെ ചോദ്യത്തിന് സർവകലാശാല അധ്യാപകൻ വ്യക്തമായ മറുപടി നൽകിയില്ല. അർധരാത്രിയോടെയാണ് റീകൗണ്ടിങ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചത്. ഇതിനിടെ രണ്ടു തവണ വൈദ്യുതി തടസ്സപ്പെട്ടു. ഇതിനിടെയാണ് കൃത്രിമം നടന്നതെന്ന് ഹരജിക്കാരൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.