സ്ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന് വനിതകമ്മീഷൻ അധ്യക്ഷ
text_fieldsതിരുവനന്തപുരം: സ്ത്രീധനനിരോധന നിയമത്തിൽ മാറ്റം വേണമെന്ന ആവശ്യവുമായി വനിതകമ്മീഷൻ അധ്യക്ഷ പി.സതീദേവി. പെൺകുട്ടികൾക്ക് നൽകുന്ന പാരിതോഷികമെന്ന പേരിലാണ് ഇപ്പോൾ സ്ത്രീധനം നൽകുന്നത്. അതുകൊണ്ട് പലപ്പോഴും ഇത് സ്ത്രീധനനിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് വനിതകമ്മീഷൻ അധ്യക്ഷ പറഞ്ഞു.
പെൺകുട്ടികൾക്ക് നൽകുന്ന പാരിതോഷികത്തിന് പരിധി നിശ്ചയിക്കണം. സ്ത്രീധനപീഡന പരാതികളിൽ നടപടികൾ കാര്യക്ഷമമാകണം. ആഭ്യന്തര വകുപ്പിന്‍റെ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള ഇടപെടൽ വേണം. നിയമം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച കാണിക്കരുതെന്നും അവർ പറഞ്ഞു.
വീഴ്ച വരുത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം. സി.ഐ സുധീറിനെക്കുറിച്ച് മുമ്പും പരാതി ഉയർന്നിരുന്നു. സി.ഐക്കെതിരെയുള്ള പരാതികളിൽ പരിശോധന നടത്തണമെന്നും വനിത കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.
അതേസമയം, നിയമവിദ്യാർഥിനി മൂഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ തെറ്റ് ചെയ്തവർക്കൊപ്പം സർക്കാറുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. നടപടിക്രമം പൂർത്തിയാകുന്നതനുസരിച്ച് കേസിൽ കൂടുതൽ ശക്തമായ ഇടപെടലുകളുണ്ടാവുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
ആലുവയിലെ മൂഫിയയുടെ വീട്ടിൽ സന്ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു പി.രാജീവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ മൂഫിയയുടെ പിതാവുമായി സംസാരിച്ചു. കേസിൽ കർശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.